മുഴപ്പിലങ്ങാട്: മൂന്ന് വർക്ക്ഷോപ്പുകൾക്ക് മാലിന്യം കൂട്ടിയിട്ടതിന് പിഴ
സ്കണ്ണൂർ: സ്ഥാപനത്തിൽ മതിയായ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താതെ മാലിന്യം കൂട്ടിയിട്ടതിന് മുഴപ്പിലങ്ങാട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള മൂന്ന് വർക്ക്ഷോപ്പുകൾക്ക് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ സ്ക്വാഡ് പിഴ ചുമത്തി. വർക്ക്ഷോപ്പ് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും സ്ഥാപനത്തിന് പിറകിൽ കൂട്ടിയിട്ടതിന് എക്സ്- ടെക് ഗാരേജിന് അയ്യായിരം രൂപയും, പ്ളാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുഴിയിൽ തള്ളിയതിന് വിനോദ് ഓട്ടോ ബോഡി വർക്സിന് 2500 രൂപയും, മാലിന്യം തരം തിരിക്കാതെ സ്ഥാപന പരിസരത്ത് വലിച്ചെറിഞ്ഞതിന് സജീവ് ബോഡി വർക്സിന് 2500 രൂപയും പിഴചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാതയ്ക്ക് താഴെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ സ്ക്വാഡ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. വർഷങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യനിക്ഷേപത്തെക്കുറിച്ച് തദ്ദേശവാസികൾ സ്ക്വാഡിന് നേരിട്ട് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ സ്ക്വാഡ് ലീഡർ കെ. കെ ബിനീഷ്, കെ.ആർ അജയകുമാർ, പ്രവീൺ പി.എസ്, ഹെൽത്ത് ഇൻസ്പെക്ടർ തൃപ്ത എന്നിവർ പങ്കെടുത്തു.
