ബേങ്കിൽ നിന്നും വാഹന വായ്പയെടുത്തു വഞ്ചിച്ച ആറു പേർക്കെതിരെ കേസ്

കണ്ണൂർ: ബേങ്കിൽ നിന്നും വാഹനം വാങ്ങാനായി 27 ലക്ഷം രൂപ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെയും വാഹനമോ രേഖകളോ ഹാജരാക്കാതെ വഞ്ചിച്ചു വെന്ന സ്ഥാപന മേധാവിയുടെ പരാതിയിൽ ടൗൺ പോലീസ് ആറു പേർക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു. കണ്ണൂർ സിറ്റിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. റീട്ടെയിൽ അസറ്റ്സ് സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് ബ്രാഞ്ച് ചീഫ് മാനേജർ ടി.കെ. അനഘയുടെ പരാതിയിലാണ് ചൊക്ലിയിലെ നുഹാസ് മൻസിലിലെ നസീമ ബഷീർ, തോട്ടട എസ്.എൻ. കോളേജിന് സമീപത്തെ ആദർശ് വാലെകേളോത്ത് മാനേജിംഗ് പാർട്ണർ മെസ്സേർസ് കണ്ണൂർ ഫോഴ്സ്, മാനേജിംഗ് പാർട്ണർമാരായആദർശ് വാലൈ കേളോത്ത്, മാതോളി കുട്ടിയത്ത് പുരുഷോത്തമൻ , ആഷിൻ വാലെ കേളോത്ത്, സൂസ വാലെ കേളോത്ത് എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ബ്രാഞ്ചിൽ നിന്നും ടെമ്പോ ട്രാവലർ വാങ്ങുന്നതിനായി സ്കീം പ്രകാരം രണ്ടു മുതൽ 6 വരെ പ്രതികളുടെ സഹായത്തോടെ അപേക്ഷ സമർപ്പിച്ച ഒന്നാം പ്രതി 2024 നവംബർ 29 ന് ബാങ്ക് അനുവദിച്ച 27 ലക്ഷം രൂപ വായ്പ രണ്ടാം പ്രതിയുടെ എച്ച്.ഡി.എഫ്.സി. ബേങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു ബേങ്കിൽ 2025 മാർച്ച് 19 ന് ഇൻ വോയ്സ് മാത്രം ഹാജരാക്കുകയും വെരിഫിക്കേഷന് ഹാജരാക്കേണ്ട വാഹന രേഖകളോ വാഹനമോ ഹാജരാക്കാതെയും വായ്പ തുക തിരിച്ചടക്കാതെയും ബാങ്കിനോട് വഞ്ചന കാണിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.