ലഹരിക്കെതിരെ വർണ്ണങ്ങളുടെ പ്രതിരോധമൊരുക്കി എൻ എസ് എസ് യൂണിറ്റ്

പയ്യന്നൂർ:ക്യാമ്പസുകളിലെ സർഗ്ഗാത്മകതയെ ഇല്ലായ്മ ചെയ്യുന്ന ലഹരിക്കെതിരെ ചുമർ ചിത്രമൊരുക്കി പയ്യന്നൂർ കോളേജ് എൻ എസ് എസ് യൂണിറ്റ് 11.പയ്യന്നൂർ കോളേജിലെ എം ബ്ലോക്കിൻ്റെ ചുവരിലാണ് വർണ്ണങ്ങൾ കൊണ്ട് ആൻ്റി ഡ്രഗ് വോൾ ഒരുക്കിയത്. കേരളത്തിൽ തന്നെ ഇതാദ്യമായാണ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇത്തരമൊരു ആന്റി ഡ്രഗ് വോൾ ഒരുക്കുന്നത്.ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്ന യൂണിറ്റിന്റെ ഈ പുതിയ ചുവട് ഇനി ക്യാമ്പസുകൾക്ക് മാതൃകയാകും.കണ്ണൂർ സർവകലാശാല ഡി എസ് എസ് ഡോ. കെ. വി. സുജിത്ത് ആന്റി ഡ്രഗ് വോൾ അനാവരണം ചെയ്തു.എൻ എസ് എസ് യൂണിറ്റ് 11 പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജു ആർ നാഥ് അധ്യക്ഷയായി. പയ്യന്നൂർ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എ സി ശ്രീഹരി, എൻ സി സി ഓഫീസർ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്,പി ടി എ സെക്രട്ടറി ഡോ.കെ കെ ഗോപിക എന്നിവർ ആശംസകൾ നേർന്നു.എൻ എസ് എസ് യൂണിറ്റ് 11 സെക്രട്ടറി അബിൻ പ്രകാശ് നന്ദിയും പറഞ്ഞു. ബൈജു ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രണ്ട് ദിവസം കൊണ്ടാണ് വര പൂർത്തിയാക്കിയത്. എൻ എസ് എസ് യൂണിറ്റ് 11 ലെ വളണ്ടിയർമാരുടെ സജീവസാന്നിധ്യം വരയ്ക്ക് ഊർജ്ജം പകർന്നു.കണ്ണൂർ സർവകലാശാല ലഹരിവിരുദ്ധ ക്യാമ്പയിൻ, ആസാദ് സേന, എൻ എം ബി എ എന്നിവയുടെ ഭാഗമായി എൻ എസ് എസ് യൂണിറ്റ് 11 നടത്തിയിട്ടുള്ള വിവിധങ്ങളായ പ്രവർത്തങ്ങൾക്ക് വലിയ ജനസ്വീകാര്യതയാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. യൂണിറ്റിന്റെ ലഹരിവിരുദ്ധ നൃത്തശില്പമായ ‘ജ്വാല’ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.