September 16, 2025

വ്യാപാര സ്ഥാപനങ്ങളെ അടപടലം പൂട്ടിച്ച് തമ്മിലടിപ്പിക്കാനുള്ള കെണിയാണ് ഡിവൈഡർ പരിഷ്ക്കരണം: വ്യാപാരി വ്യവസായി സംരക്ഷണ സമിതി

img_1223.jpg

പുതിയതെരു: പുതിയതെരു ടൗണിലെയും സമീപ പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപങ്ങളെ അടപടലം പൂട്ടിച്ച് വ്യാപാരികളെ തമ്മിലടിപ്പിക്കാനുള്ള കെണിയാണ് പുതിയതെരുവിലെ ഡിവൈഡർ പരിഷ്ക്കരണമെന്ന് വ്യാപാരി വ്യവസായി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. ഒരു വിഭാഗം വ്യാപാരികൾ മാത്രമാണ് പുതിയതെരുവിലെ ഗതാഗതപരിഷ്ക്കരണത്തിനും റോഡ് വികസനത്തിനും എതിരായി നിൽക്കുന്നതെന്നും, ഇത് കാരണം എല്ലാ വിഭാഗം വ്യാപാരികളും ദുരിതം അനുഭവിക്കുകയാണെന്നും വരുത്തി തീർത്ത് വ്യാപാരികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനുളള ശ്രമമാണ് ഭരണാധികാരികളിലുള്ളതെന്നും, കൂടാതെ ഡിവൈഡർ പരിഷ്ക്കരണത്തിനും റോഡ് വികസനത്തിനും വ്യാപാരികൾ എതിരല്ലാതിരുന്നിട്ട് പോലും പൊതുജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ വികസനവിരോധികളാണ് വ്യാപാരികൾ എന്ന് ഭരണാധികാരികൾ പറഞ്ഞു നടക്കുന്നു. പുതിയതെരുവിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഡർ പരിഷ്ക്കരണം നടപ്പിലാക്കുന്നതുമായി ബദ്ധപ്പെട്ട് ചിറക്കൽ ഗ്രാമപഞ്ചായത്ത് വ്യാപാരി സംഘടനകളുടെ യോഗം വിളിക്കുകയോ , വ്യാപാരികളുടെ അഭിപ്രായം ആരായുകയൊ ചെയ്തില്ല. കുരുക്കില്ലാത്ത വാഹന ഗതാഗതത്തിന് സ്ഥാപിച്ച വന്മതിൽ പോലുള്ള കോൺക്രീറ്റ് ഡിവൈഡറും കാറ്റിൽ പറക്കുന്ന ഉയരം കൂടിയ സ്വകാര്യ സ്ഥാപനത്തിൻറെ പരസ്യം പതിച്ച ഡിവൈഡറും കാരണം ഭീതിയുളവാക്കുന്ന സാഹചര്യത്തിലേക്ക് പുതിയതെരുവിനെ മാറ്റിയത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്കുവേണ്ടി ചിറക്കൽ ഗ്രാമപഞ്ചായത്ത് ഭരണാധികാരികളാണ്. പുതിയതെരു സെൻട്രൽ ജംഗ്ഷനിലെ വന്മതിലുകൾ പൂർണ്ണമായും ഒഴിവാക്കി കാട്ടമ്പള്ളി റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുവാൻ നോ എൻട്രി ബോർഡ് വെക്കുന്നതും, വളരെ ഉയരം കുറഞ്ഞ ഡിവൈഡറുകളുടെ മാതൃക ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയിട്ടും അപേക്ഷയോട് മുഖം തിരിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് ചെറുകിട കച്ചവടക്കാരോട് കാണിച്ച അനീതിയാണ്. പഞ്ചായത്ത് ലൈസൻസും നികുതി പണവും കൊടുത്ത് കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികൾ ഗതാഗതപരിഷ്ക്കരണത്തിൻറെ ഭാഗമായി സ്ഥാപിച്ച ഡിവൈഡർ കാരണം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പുതിയതെരു ചിറക്കൽ പോസ്റ്റ് ഓഫീസിന് മുന്നിലെ ബസ്സ് സ്റ്റോപ്പ് ഹൈവെ ജംഗ്ഷനിലേക്ക് മാറ്റിയത് കാരണം ചിറക്കൽ പോസ്റ്റ് ഓഫീസിന് സമീപത്തെ കടകൾ അടച്ചു പൂട്ടുകയും, അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്. മാറ്റിയ ബസ്സ് സ്റ്റോപ്പ് മൂന്നാഴ്ച്ചയെടുത്ത് ചിറക്കൽ പോസ്റ്റാഫീസിന് മുന്നിൽ പുനഃസ്ഥാപിക്കും എന്ന് പറഞ്ഞ ജനപ്രതിനിധികൾ വാക്കുപാലിക്കാതെ ഒഴിഞ്ഞു മാറി.

പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ പുതിയ തെരുവിലെ വ്യാപാരികളെയും വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളെയും അഭ്യുദയ കാംക്ഷികളെയും ചേർത്തുനിർത്തിക്കൊണ്ട് വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ശക്തമായി മുന്നോട്ടു പോകുമെന്ന് പുതുതായി സ്ഥാനം ഏറ്റെടുത്ത ഭാരവാഹികൾ അറിയിച്ചു.

കെ. അബ്ദുൽ സലാം ഹാജി (ചെയർമാൻ), പി എം അബ്ദുൽ മനാഫ് ഹാജി (ജനറൽ കൺവീനർ), പി കെ റിയാദ് (ട്രഷറര്‍), കെ. ലത്തീഫ് ഹാജി, സി. രവീന്ദ്രൻ, സി എൻ മെഹറൂഫ് (വൈസ് ചെയർമാൻമാർ), പി പി നസീർ, കെ നൗഷാദ്, പി എം അമീർ, ഷാജി ഒ (കൺവീനർമാർ)

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger