വീട് വാഗ്ദാനം നൽകി ഒമ്പത് ലക്ഷം തട്ടിയെടുത്തു

തളിപ്പറമ്പ്: ജ്വല്ലറി ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ചു വീട് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും ഒമ്പത് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച വനിതയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
മൊറാഴ മുതുവാനി കാനൂല്‍ ജൂബിലി മെമ്മോറിയല്‍ എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വിജയഭവനില്‍ എം.വിജയകുമാരി(70) യുടെ പരാതിയിലാണ്
ഷമീമ എന്ന ജാസ്മിന്റെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ഡിസംബർ 12 ന് നേരിട്ട് രണ്ട് ലക്ഷവും ഡിസംബർ 16 ന് പരാതിക്കാരിയുടെ ബേങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് ഏഴ് ലക്ഷം രൂപ നിക്ഷേപിച്ചും പണം കൈക്കലാക്കിയതിനു ശേഷം വാഗ്ദാനം ചെയ്ത വീട് വാങ്ങി നൽകാതെയും പണം തിരിച്ചു നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പ്രതി ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ വിവരവും പുറത്തുവന്നിട്ടുണ്ട്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.