തളിപ്പറമ്പിൽ എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ് ∶ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 430 മില്ലിഗ്രാം എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.
തളിപ്പറമ്പ് കണ്ടിവാതുക്കൽ സ്വദേശിയും കായക്കൂൽ പുതുപ്പുറയിൽ വീട്ടിൽ മുസ്തഫ കെ.പി. (37) യാണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജീവൻ പി.കെ.യുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
കർണാടകയിലെ ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന അവസരം മുതലാക്കി, മടങ്ങിവരുമ്പോൾ എം.ഡി.എം.എ ശേഖരിച്ചു നാട്ടിൽ എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതി. നേരിട്ട് കൈമാറ്റം നടത്താതെ, പൊതികളിലാക്കി സുരക്ഷിത ഇടങ്ങളിൽ വെച്ച്, അതിന്റെ ചിത്രം ആവശ്യക്കാരെ അയച്ചുകൊടുക്കുന്നതായിരുന്നു രീതിയെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ എത്തിച്ച് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാൾ. ആംബുലൻസ് പരിശോധന ഒഴിവാക്കാമെന്ന ധാരണയിൽ ആയിരുന്നു ഇയാൾ മയക്കുമരുന്ന് കടത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജേഷ് കെ., മനോഹരൻ പി.പി., എക്സൈസ് പ്രിവന്റീവ് ഓഫീസർ മുഹമ്മദ് ഹാരിസ് കെ., സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത് ടി.വി., കലേഷ്, ഡ്രൈവർ പ്രകാശൻ എന്നിവരാണ് രാജീവൻ പി.കെ.യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉണ്ടായിരുന്നത്.