കല്യാശേരി ഔഷധ ഗ്രാമം പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് നടീല്‍ ഉദ്ഘാടനം സെപ്റ്റംബര്‍ നാലിന്

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം മൂന്നാം ഘട്ട പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം സെപ്റ്റംബര്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് കുഞ്ഞിമംഗലം പഞ്ചായത്തിലെ താമരംകുളങ്ങര – കൈപ്രത്ത് തറവാട് ക്ഷേത്രത്തിന് സമീപം എം വിജിന്‍ എം എല്‍ എ നിര്‍വ്വഹിക്കും. 2023 മെയ് മാസത്തില്‍ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലായി 25 ഏക്കറിയില്‍ ആരംഭിച്ച ഔഷധ ഗ്രാമം പദ്ധതി രണ്ടാംഘട്ടത്തില്‍ 100 ഏക്കറില്‍ നൂറ് മേനി വിളവാണ് ലഭിച്ചത്. 100 ഏക്കറില്‍ നിന്നും 18.5 ടണ്‍ കുറുന്തോട്ടിയും 30.5 കിലോ വിത്തും കഴിഞ്ഞ വര്‍ഷം സംഭരിച്ചു. ഇതിലൂടെ സംസ്ഥാനത്ത് ലഭിച്ച കൂടിയ വിളവെടുപ്പാണ് മണ്ഡലം കൈവരിച്ചത്.
ആദ്യഘട്ടത്തില്‍ ഏഴോം, കണ്ണപുരം കടന്നപ്പള്ളി – പാണപ്പുഴ, എന്നീ മൂന്ന് പഞ്ചായത്തുകളില്‍ 25 ഏക്കറിലാണ് കൃഷി ആരംഭിച്ചത്. രണ്ടര ഏക്കറില്‍ പ്രത്യേകം തയ്യറാക്കിയ സ്ഥലത്ത് വിത്തിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2023 ഡിസംബറില്‍ ആദ്യ ഘട്ട വിളവെടുപ്പും നടത്തി. രണ്ടാംഘട്ട പദ്ധതിയില്‍ 100 ഏക്കറില്‍ തുടങ്ങിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 32.50 ലക്ഷം രൂപ അനുവദിച്ചു. 2024 ജൂലായ് 24 ന് മാടായിപ്പാറ തവരതടത്ത് ആരംഭിക്കുകയും 2025 ജനുവരി ആറിന് എഴോം പറമ്മലില്‍ വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
അതോടൊപ്പം എരമം-കുറ്റൂര്‍ പഞ്ചായത്തിലും കല്യാശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുമായി യോജിച്ച് കൃഷി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 34 കര്‍ഷകരും രണ്ടാംഘട്ടത്തില്‍ 97 കര്‍ഷകരുമാണ് കുറുന്തോട്ടി കൃഷിയുടെ ഭാഗമായത്. പഞ്ചായത്തടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് ്കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കി. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെത്തിയത്. കര്‍ഷകര്‍ക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതോടൊപ്പം വിളവെടുത്ത കുറുന്തോട്ടിയും, വിത്തും സംസ്ഥാന പൊതുമേഖല സ്ഥാപനമായ തൃശൂരിലെ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി ഔഷധിയാണ് ശേഖരിക്കുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനും നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും സാധിച്ചു.
കേരളത്തിലെ മികച്ച ജൈവ കാര്‍ഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്യാശേരി മണ്ഡലത്തിന് ലഭിച്ചിരുന്നു. സംസ്ഥാന കൃഷി വകുപ്പ്, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഔഷധി, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് കല്യാശ്ശേരി മണ്ഡലത്തില്‍ ഔഷധ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ മസ്റ്ററിങ് നടത്തണം
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍, കയര്‍ സ്‌പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് മുന്‍പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവര്‍ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് രീതിയില്‍ ഒക്ടോബര്‍ 31 നകം മസ്റ്ററിങ് നടത്തണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു. പ്രസ്തുത തീയതിക്കകം മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഡിസംബര്‍ മാസം മുതല്‍ പെന്‍ഷന്‍ മുടങ്ങും.