സ്ഥാപനത്തിൽ നിന്നും1.40 കോടി രൂപ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്

കണ്ണൂർ.സ്ഥാപനങ്ങളിൽ നിന്നും ഒരു കോടി നാൽപത് ലക്ഷം രൂപ സൂപ്പർവൈസറായ യുവതിയും ഭർത്താവും തട്ടിയെടുത്തുവെന്ന സ്ഥാപന ഉടമയായ ഡോക്ടറുടെ പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. കണ്ണൂർ ശാന്തി കോളനിയിലെ സാജിത മൻസിലിൽ ഡോ. മൻസൂർ അഹമ്മദ് ചപ്പന്റെ പരാതിയിലാണ് സ്ഥാപനത്തിലെ സൂപ്പർവൈസറായ ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാ നിലയത്തിൽ കെ.സുജില, ഭർത്താവ് വിനോദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരന്റെ ഉടമസ്ഥതയിലെ പള്ളിക്കുന്ന് ഷെറി ബുക്സ് ആന്റ് സ്റ്റേഷനറി , ഷെറി ആയൂർവേദിക്സ്, റെയിൽവെ മുത്തപ്പൻ കാവിനടുത്തുള്ള ഷെറി കോമൺ സർവ്വീസ് സെന്റർ ,ചാലാടിലുള്ള ഷെറി ഹെൽത്ത് കെയർ സെന്റർ, ഷെറി ട്രേഡേർസ് എന്നീ സ്ഥാപനങ്ങളുടെ സൂപ്പർവൈസറായ പ്രതിയും ഭർത്താവും 2024 ആഗസ്ത് മാസം മുതൽ സ്ഥാപനത്തിൽ നിന്നും പണമായും അക്കൗണ്ട് മുഖേനയും 1.40 കോടി രൂപ കൈവശപ്പെടുത്തി വഞ്ചിച്ചുവെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് ടൗൺ പോലീസ് കേസെടുത്തത്.