ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം

കണ്ണൂർ: രണ്ട് ദിവസങ്ങളിലായി നടന്ന ബ്രഹ്മസ്ഥാന ക്ഷേത്ര വാർഷിക മഹോത്സവം സമാപിച്ചു. ഇന്നലെ രാവിലെ 5 മണിക്ക് മഹാഗണപതി ഹോമത്തോടെ രണ്ടാം ദിവസത്തെ ഉത്സവത്തിനു തുടക്കമായി. തുടർന്ന് ബ്രഹ്മചാരി രതീഷിന്റെ കാർമികത്വത്തിൽ ശിവശക്തി ഹോമം, മഹാസുദർശന ഹോമം, നവകം, പഞ്ചഗവ്യം, കലശാഭിഷേകം തുടങ്ങിയ പൂജകളും നടന്നു.
രാവിലെ 10 മണിക്ക് സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണം, നിർദ്ധന വിദ്യാത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. തുടർന്ന് മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരിയുടെ നേതൃത്വത്തിൽ ഭക്തി ഗാനസുധയും അമൃത പ്രസാദ വിതരണവും നടന്നു. ഉച്ചക്ക് 2.30 മുതൽ വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറി.
വൈകീട്ട് 6 മണിയോട് കൂടി ആഘോഷം സമാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.