തലശ്ശേരിയുടെ ജനകീയ ഡോക്ടർ ചന്ദ്രശേഖരൻ അന്തരിച്ചു; ‘നടത്തം’ മരുന്നായി കുറിച്ചുവെച്ച വേറിട്ട വ്യക്തിത്വം

തലശ്ശേരി: പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ തിരുവങ്ങാട് ഹരിപ്രസാദത്തിൽ ഡോ. ചന്ദ്രശേഖരൻ (73) അന്തരിച്ചു. ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, പിന്നീട് വി.ആർ.എസ് (VRS) സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു.
രോഗികൾക്ക് ഏറ്റവും കുറഞ്ഞ മരുന്ന് മാത്രം നൽകുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. കുറിപ്പടിയിൽ ഒന്നാമത്തെ മരുന്നായി “നടത്തം” എന്ന് മലയാളത്തിൽ എഴുതിവെക്കുന്ന ഡോക്ടറുടെ രീതി തലശ്ശേരിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസുഖബാധിതനായിരിക്കുമ്പോഴും രോഗികളെ പരിചരിക്കാൻ സന്മനസ്സ് കാണിച്ചിരുന്ന അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട ജനകീയ ഡോക്ടറായിരുന്നു.
കോടിയേരിയിലെ പരേതരായ കെ. കുഞ്ഞിക്കണ്ണൻ നായരുടെയും പറമ്പത്ത് മാധവി അമ്മയുടെയും മകനാണ്.
• ഭാര്യ: വി.പി. രാധ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്).
• മക്കൾ: പ്രിയ (മുംബൈ), രാഹുൽ (സീറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ).
• മരുമക്കൾ: ദീപക് (മുംബൈ), അമൃത (അധ്യാപിക, പൂനെ).
• സഹോദരങ്ങൾ: പി. ശാന്തകുമാരി, പി. പ്രഭാകരൻ, പി. പ്രേമകുമാരി, പരേതനായ പി. രാജേന്ദ്രൻ.
സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ നടക്കും.








