മേൽപ്പാലങ്ങൾ അടച്ചിടുമ്പോൾ യാത്രാദുരിതം കൂടും; ബദൽ സംവിധാനം ഒരുക്കണമെന്ന് എസ്.ഡി.പി.ഐ

കണ്ണൂർ: പഴയങ്ങാടി താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി 5 മുതൽ അടച്ചിടുമ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ (SDPI) കല്ല്യാശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മേൽപ്പാലങ്ങൾ അടയ്ക്കുമ്പോൾ പ്രധാന ബദൽ പാതയായി ഉപയോഗിക്കേണ്ട ഇരിണാവ് റെയിൽവേ റോഡിലെ കലുങ്ക് നിലവിൽ തകർന്ന് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിൽ പാലങ്ങൾ കൂടി അടയ്ക്കുന്നത് വലിയ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും കാരണമാകും.
കലുങ്കിന്റെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നും, പാലങ്ങൾ അടച്ചിടുന്ന കാലയളവിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ മറ്റ് ക്രമീകരണങ്ങൾ അധികൃതർ ഒരുക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ യാത്രാദുരിതം പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി അറിയിച്ചു.






