പയ്യന്നൂരിൽ സി.പി.എം – കുഞ്ഞികൃഷ്ണൻ പോര് മുറുകുന്നു; പ്രകോപനത്തിന് പിന്നിൽ ക്രിമിനൽ സംഘമെന്ന് വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ: സി.പി.ഐ (എം) പുറത്താക്കിയതിന് പിന്നാലെ പാർട്ടിക്കെതിരെയും എം.എൽ.എ ടി.ഐ. മധുസൂദനനെതിരെയും രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ പാർട്ടിയിൽ ചില ക്രിമിനൽ സംഘങ്ങളുണ്ടെന്നും അവർക്ക് താങ്ങും തണലും നൽകുന്നത് എം.എൽ.എ മധുസൂദനനാണെന്നും അദ്ദേഹം ആരോപിച്ചു. തന്നെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചത് സി.പി.എം നടത്തുന്ന പ്രകോപനത്തിന്റെ ഭാഗമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ബൈക്ക് കത്തിക്കൽ; വീടുകളിൽ പ്രതിഷേധം
വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വെള്ളൂരിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത പ്രസന്നൻ എന്നയാളുടെ ബൈക്കാണ് വീടിന് മുന്നിൽ വെച്ച് കഴിഞ്ഞ ദിവസം കത്തിച്ചത്. ഇത്തരത്തിലുള്ള പ്രകോപനങ്ങൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇതിനെയൊക്കെ മറികടന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകടനങ്ങളെ തള്ളി ഏരിയ കമ്മിറ്റി
വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടി ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സി.പി.എം പ്രവർത്തകർ പടക്കം പൊട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റായ നടപടിയാണെന്ന് ഏരിയ കമ്മിറ്റി യോഗം വിലയിരുത്തി. ഇനി ഇത്തരം പ്രകടനങ്ങൾ പാടില്ലെന്ന് പ്രവർത്തകർക്ക് പാർട്ടി കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
രക്തസാക്ഷി ധനരാജ് ഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘടിതമായ ധനാപഹരണം നടന്നുവെന്ന ആരോപണത്തിൽ വി. കുഞ്ഞികൃഷ്ണൻ ഉറച്ചുനിൽക്കുകയാണ്. എന്നാൽ വ്യക്തിവിദ്വേഷത്തിന്റെ പേരിൽ നടത്തുന്ന ആരോപണങ്ങളാണെന്ന് പറഞ്ഞ് കുഞ്ഞികൃഷ്ണനെ കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയിരുന്നു. പയ്യന്നൂർ മേഖലയിൽ സി.പി.എമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് ഈ സംഭവങ്ങൾ വഴിവെച്ചിരിക്കുന്നത്.







