കോൺഗ്രസ് ഓഫീസ് അക്രമം :പ്രതിഷേധ പ്രകടനം നടത്തി

കരിവെള്ളൂർ:കരിവെള്ളൂരിൽ മണ്ഡലംകോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധപ്രകടനം നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൽ സി.പി.എം.നേതൃത്വത്തിനുണ്ടായ കലിപ്പാണ് കരിവെള്ളൂരിലെ കോൺഗ്രസ് ഓഫീസ് തീ വെച്ച് നശിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു. കരിവെള്ളൂരിൽ ആദ്യമായി എസ്.ഐ. ആർ.നിശാക്യാമ്പ്, തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാനം കരിവെള്ളൂരിൻ്റെ ചരിത്രത്തിൽ ആദ്യമായി യു.ഡി.എഫ്. കൊട്ടിക്കലാശം എന്നിവയിൽ കരിവെള്ളൂരിലെ സി.പി. എം.നേതൃത്വം വിറളിപൂണ്ടതാണ് രാത്രിയുടെ മറവിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അതിക്രമത്തിന് കാരണമെന്ന് പ്രതിഷേധ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
കരിവെള്ളൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് ഇരുട്ടിന്റെ മറവിൽ അടിച്ച് തകർക്കുകയും മുറിക്കുള്ളിലെ സാധന സാമഗ്രികൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർകരിവെള്ളൂർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.തുടർന്ന് ഓണക്കുന്നിൽ ചേർന്ന പ്രതിഷേധയോഗം
ഡി.സി.സി.ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഷീബ മുരളി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.ജയരാജ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.ശശിധരൻ, കെ.വിജയൻ,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ദേവി തുടങ്ങിയവർ സംസാരിച്ചു.






