ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ചിറ്റാരിക്കാൽ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് മരിച്ചു. ഭീമനടി കുന്നുംകൈ മുള്ളിക്കോട് സ്വദേശി കെ.ആർ. പ്രവീൺ (24) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 4.40-ഓടെ ചെമ്പൻകുന്നിൽ വെച്ചായിരുന്നു അപകടം. പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്കും (KL 79 B 3650) കെഎസ്ആർടിസി ബസും (KL 15 7072) തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുള്ളിക്കോട്ടെ ലോഡിംഗ് തൊഴിലാളി രവിയുടെയും പ്രമീളയുടെയും മകനാണ് പ്രവീൺ. സഹോദരൻ: പ്രണവ് (ഗൾഫ്). ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടത്തിന് കാരണമായ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.






