തലശ്ശേരിയിൽ ഹോസ്റ്റലിൽ കയറി ലൈംഗികാതിക്രമശ്രമം: യുവാവ് അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരിയിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മണിക്കൂറിനകം പികുടി തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
പാനൂർ പാറാട് പുത്തൂർ ക്ലബിന് സമീപം മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മൽ (27) എന്ന യുവാവാണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
ഹോസ്റ്റലിൽ അനധികൃതമായി കയറിയ പ്രതി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. വിവരം ലഭിച്ചതോടെ എസ്.ഐ കെ. അശ്വതി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ ദൃശ്യങ്ങൾ ശേഖരിച്ച് വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പൊലിസ് പ്രചരിപ്പിച്ചു.
ഇതിനിടെ തലശ്ശേരി നാരങ്ങാപ്പുറത്തെ ഒരു വീട്ടിലും പ്രതി അതിക്രമിച്ച് കയറിയതായി വിവരം ലഭിച്ചു. തുടർന്ന് ഇൻസ്‌പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ തലശ്ശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തി.
വൈകിട്ട് 6 മണിയോടെ തലശ്ശേരിയിൽ നിന്നാണ് എസ്.ഐ അശ്വതിയും സിവിൽ പൊലീസ് ഓഫീസർമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവരും ചേർന്ന് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ഷമീൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ബലാത്സംഗവും കവർച്ചയും ഉൾപ്പെടെ നാല് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.






