കണ്ണൂർ കോർപറേഷനെതിരെ എൽഡിഎഫിന്റെ പ്രചരണം തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ

കണ്ണൂർ: കണ്ണൂർ കോർപറേഷനെതിരെ എൽഡിഎഫ് നടത്തുന്ന പ്രചരണങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നു യു.ഡി.എഫ് ആരോപിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കോർപറേഷൻ നിരവധി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തതായും, പടന്നപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ മന്ത്രിയായ എം.ബി. രാജേഷ് തന്നെ പദ്ധതികളെ അഭിനന്ദിച്ചതായും ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
എന്നാൽ കോർപറേഷനിലെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനായി ജീവനക്കാരെ ആവർത്തിച്ച് സ്ഥലംമാറ്റുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
നഗരസഭ മുതൽ വിവിധ ഘട്ടങ്ങളിലൂടെയുളള നേതാക്കളുടെ കൂട്ടായ പരിശ്രമമാണ് ഇന്നത്തെ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനം എന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി പറഞ്ഞു. തെറ്റായ വിവരപ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
കണ്ണൂർ കോർപറേഷന്റെ സമഗ്രവികസന പദ്ധതികൾ ശക്തമായി മുന്നോട്ട് പോകുന്നുവെന്ന് മേയർ മുസ്ലീഹ് മഠത്തിൽ വ്യക്തമാക്കി.
കണ്ണൂർ പട്ടണത്തിന്റെയും സമീപപ്രദേശങ്ങളുടെയും ഭാവിയെ മുൻനിർത്തി തയ്യാറാക്കിയ “മിഷൻ – 2030 മാസ്റ്റർ പ്ലാൻ” നാളെ വൈകിട്ട് 6.30ന് ചേംബർ ഹാളിൽ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള എന്നിവരും പങ്കെടുത്തു.






