വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി
പെരിങ്ങോം: വെള്ളോറയില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കേസിലെ പ്രതി വെള്ളോറയിലെ ഷൈൻ ഫിലിപ്പിനെ (43) യാണ് പെരിങ്ങോം സ്റ്റേഷൻ ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ. ജാൻസി മാത്യുവും സംഘവും തെളിവെടുപ്പ് നടത്തിയത്. സംഭവം നടന്ന വെള്ളോറയിലെ സ്ഥലത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും യഥാർത്ഥ വസ്തുതകൾ പോലീസ് ശേഖരിക്കുകയും ചെയ്തു. തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ 16 ന് ഞായറാഴ്ച പുലർച്ചെ 5.30 മണിയോടെയാണ്
എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) വെടിയേറ്റ് മരിച്ചത്.
നായാട്ടിനിടെ വെടിയേറ്റ് ആണ് യുവാവ് മരണപ്പെട്ടത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് നിമിഷങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടുകയും സ്ഥലത്ത് നിന്ന് നാടൻ തോക്കും തിരകളും കണ്ടെത്തുകയും ചെയ്തിരുന്നു.
