അഴീക്കോട്: സാന്ത്വനം വയോജനസദനത്തിന് കീഴിൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനം 22-ന്
അഴീക്കോട് : പൂതപ്പാറ–മൊളോളം റോഡിൽ പ്രിയദർശിനി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ അഞ്ചരക്കോടി രൂപ ചെലവിൽ സാന്ത്വനം വയോജനസദനത്തോടനുബന്ധിച്ച് നിർമ്മിച്ച ‘സാന്ത്വനം ഡയാലിസിസ് സെന്റർ’ നവംബർ 22-ന് രാവിലെ 10 മണിക്ക് സൂര്യകൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം കലാസമിതിയുടെ കലാപരിപാടിയും നടക്കും.
2005 മേയ് 20-ന് ചെറിയ വാടക ക്വാർട്ടേഴ്‌സിൽ ആരംഭിച്ച സാന്ത്വനം സ്ഥാപനത്തിന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയായിരുന്നു ഉദ്ഘാടനം നടത്തിയത്. സ്ഥാപക ചെയർമാൻ പരേതനായ എം.ബി.കെ. അലവിൽ, സെക്രട്ടറി എ.കെ. രവീന്ദ്രൻ എന്നിവർ ചേർന്ന് ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നാലുനില കെട്ടിടമായി വികസിച്ചിരിക്കുകയാണ്. 50 അന്തേവാസികൾക്ക് താമസ സൗകര്യവും ഓഫീസ്, ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. 2012-ൽ അടൂർ ഗോപാലകൃഷ്ണൻ പുതുക്കിപ്പണിച്ച കെട്ടിടം തുറന്ന് കൊടുത്തിരുന്നു.
ജന്മദിനം, ചരമവാർഷികം തുടങ്ങിയ ദിവസം അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നവർ സംഭാവന ചെയ്യുന്ന തുകയിൽനിന്നാണ് സ്ഥാപനത്തിന്റെ എല്ലാ സേവനങ്ങളും നടത്തിവരുന്നത്.
സ്ഥാപനം വിവിധ പദ്ധതികളിലൂടെയും സേവനം നൽകിയിട്ടുണ്ട്. ചികിത്സാസഹായങ്ങൾ, പാവപ്പെട്ട കുടുംബങ്ങളിലെ 200 കുട്ടികൾക്ക് വർഷം 10,000 രൂപ വീതം പഠനസഹായം എന്നിവ ഉൾപ്പെടുന്നു. പിന്നീട് പഠനസഹായം താത്കാലികമായി നിർത്തി.
വർധിച്ചുവരുന്ന വൃക്കരോഗികളുടെ പരിചരണത്തിനായി ഡയാലിസിസ് സെന്റർ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന പീയൂഷ് നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നടത്തിയ ഈ പദ്ധതി ഒന്നര വർഷത്തിനകം പൂർത്തിയാക്കി.
ഡയാലിസിസ് സെന്ററിൽ ഒപി വിഭാഗം, ആംബുലൻസ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും ചെയർമാൻ എം.എം. വിനോദ്‌കുമാർ, സെക്രട്ടറി എ.കെ. രവീന്ദ്രൻ, ഖജാൻജി കെ. സതീശൻ എന്നിവർ അറിയിച്ചു.
