ശബരിമലയില്‍ തീർഥാടകർക്ക് കൂടുതൽ നിയന്ത്രണം; സ്പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു

കൊച്ചി: ശബരിമലയില്‍ തീർഥാടകർക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് ദിവസേന 5,000 പേർക്ക് മാത്രമായി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം തുടരുക.
ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ച ദേവസ്വം ബെഞ്ചാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. കൂടാതെ, കാനനപാത വഴിയുള്ള പ്രവേശനത്തിനായി വനംവകുപ്പ് നൽകുന്ന പാസും 5,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനമായി.
ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.
തിരക്ക് നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ, സ്പോട്ട് ബുക്കിംഗ് നേരത്തെ 20,000 ആയി കുറയ്ക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തിരുന്നു. പമ്പയിലെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ, തിരക്ക് പൂർണമായി നിയന്ത്രിക്കാനായി തിങ്കളാഴ്ച വരെ പ്രതിദിനം 5,000 സ്പോട്ട് ബുക്കിംഗ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ പുതിയ നിർദേശം.
തീർഥാടക പ്രവാഹം നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന് കോടതി രാവിലെ നിർദേശിച്ചിരുന്നു.






