ഹോട്ടൽ ഉടമയെ മണൽ കടത്തു സംഘം ആക്രമിച്ചു

കാഞ്ഞങ്ങാട്: മണൽ കടത്ത് പോലീസിന് ഒറ്റുകൊടുത്തുവെന്ന് തെറ്റിദ്ധരിച്ച് ഹോട്ടൽ വ്യാപാരിയെ ഹോട്ടലിൽ കയറി മർദ്ദിച്ച മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. മാണിക്കോത്ത് ഹോട്ടൽ നടത്തുന്ന നീലേശ്വരം കരുവാച്ചേരിയിലെ നദീറ മൻസിലിൽ അബ്ദുൾ മുബഷീ റിനെ (23)യാണ് മർദ്ദിച്ചത്. പരാതിയിൽ നീലേശ്വരം മാർക്കറ്റ് റോഡിലെ റംഷീദ്, ഷംസീർ, ഷിജാദ് എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ഈ മാസം 14 ന് രാത്രി 8.45മണിക്ക് മാണിക്കോത്തെ ഹോട്ടലിൽ വെച്ചാണ് സംഭവം. മണൽ കടത്തുന്നതിനിടെ പോലീസ് പിടിച്ചത് പരാതിക്കാരൻ മൂലമാണെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലിൽ കയറി വന്ന പ്രതികൾ പരാതിക്കാരനെ തടഞ്ഞുവെച്ചു കൈകൊണ്ടും ഇരുമ്പ് വടി കൊണ്ടും രണ്ടാം പ്രതി വടികൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






