കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പവർ പ്രോജക്റ്റ് അന്തിമ ഘട്ടത്തിൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റിന്റെ നിർമാണം അന്തിമ ഘട്ടത്തിലെത്തി. ഏതാനും മാസം മുമ്പ് കിയാൽ എം.ഡി സി. ദിനേശ് കുമാറും ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയകൃഷ്ണനും ചേർന്നായിരുന്നു പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്.
കാർ പാർക്കിംഗ് ഏരിയയും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി കിയാൽ–ഓറിയാന പവർ കൂട്ടായ്മയിലാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്. സോളാർ പദ്ധതി പൂർണമായും പ്രവർത്തനക്ഷമമായാൽ വിമാനത്താവളത്തിന് വൈദ്യുതി ചാർജ് ഇനത്തിൽ 30–40% വരെ ലാഭം പ്രതീക്ഷിക്കാം. നിലവിൽ വൈദ്യുതി ചെലവ് കിയാലിന് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന മൂന്ന് സുപ്രധാന മേഖലകളിലാണ് പാനലുകൾ സ്ഥാപിക്കുന്നത്. പാനൽ സ്ഥാപിക്കൽ പ്രവൃത്തി പുരോഗമിച്ചുവരുന്ന സാഹചര്യത്തിൽ പദ്ധതി ഈ വർഷാവസാനം പൂർത്തിയാകും എന്നാണ് അധികൃതർ അറിയിച്ചത്.






