ജവഹർലാൽ നെഹ്റുവിൻ്റെപ്രതിമ നിർമ്മിച്ച് ശില്പി ചിത്രൻ കുഞ്ഞിമംഗലം
പയ്യന്നൂർ:ആധുനിക ഇന്ത്യയുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെപ്രതിമ ഒരുങ്ങുന്നു . വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രൻ കുഞ്ഞിമംഗലം ആണ് ശില്പം നിർമ്മിക്കുന്നത്.
കൂടാളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും രാഷ്ട്രീയ തത്വചിന്തകൻ, ഗ്രന്ഥകർത്താവ് , ചരിത്രകാരൻ , കുട്ടികളുടെ ചാച്ചാജി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ ജന്മദിനമായ നവംബർ 14നാണ് ഇന്ത്യയിലെ ശിശുദിനമായി ആചരിക്കുന്നത് , തൊപ്പിയും നീളൻ കുപ്പായവും കോട്ടിലൊരു റോസാപ്പൂവുമായി മന്ദസ്മിതം പൊഴിക്കുന്ന രീതിയിലാണ് ശില്പം കളിമണ്ണിൽ നിർമ്മിച്ചിരിക്കുന്നത് . ശേഷം വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസിൽ മൂന്നടി ഉയരത്തിലാണ് പൂർത്തീകരിക്കുന്നത് ജവഹർലാൽ നെഹ്റു നെഹ്റുവിൻ്റെ ഒറിജിനൽ ഫോട്ടോകളും വീഡിയോകളും ആണ് ശില്പനിർമ്മാണത്തിന് ആധാരമായത്’ ശില്പത്തിന് അനുയോജ്യമായ രീതിയിൽ ഗ്രാനൈറ്റ് പീഠത്തിന് മുകളിൽ ആണ് സ്ഥാപിക്കുക. ശില്പ നിർമ്മാണ കമ്മിറ്റി ചിത്രൻ്റെ പണിപുരയൽ എത്തി ശില്പം നേരിട്ടു കണ്ട് വിലയിരുത്തിയിരുന്നു. ചിത്ര .കെ, സുദർശൻ , അശ്വിൻ, അർജുൻ എന്നിവർ നിർമാണത്തിൽ സഹായികളായി. കണ്ണൂർ – മൈസൂർ റോഡരികിൽ കൂടാളി ഗ്രാമ പഞ്ചായത്തിലെ കൂടാളി എന്ന പ്രദേശത്ത് കൂടാളി താഴത്ത് വീട്ടിൽ കാരണവരായിരുന്ന കെ.ടി. കുഞ്ഞിക്കമ്മാരൻ നമ്പ്യാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അനുവദിച്ച 17 സെൻ്റ് സ്ഥലത്ത് അദ്ദേഹത്തിൻ്റെ ഓർമ്മക്കായി നിർമ്മിച്ച കെ.ടി.കുഞ്ഞിക്കമ്മാരൻ നമ്പ്യാർ സ്മാരക കോൺഗ്രസ് മന്ദിരത്തിന് (കൂടാളി മണ്ഡലം കോൺഗ്രസ് ഓഫീസ് ) സമീപമാണ് ശില്പം സ്ഥാപിക്കുന്നത്.
മണ്ഡലം പ്രസിഡൻ്റ് സി.പി. ശ്രീപ്രസാദ് ചെയർമാനായ കമ്മറ്റിയാണ്
ശില്പം സ്ഥാപിക്കുന്നത്.
