വയോധികയുടെ സ്വർണമാല പൊട്ടിച്ച കേസിൽ കൗൺസിലർക്ക് ജാമ്യമില്ല
തലശ്ശേരി: വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ പി.പി. രാജേഷിന്റെ (45) ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് തള്ളി. സമൂഹത്തിന് മാതൃകയാകേണ്ടവരിൽനിന്ന് ഇത്തരം കുറ്റകൃത്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ശക്തമായി എതിർത്തു.
സംഭവത്തിന്റെ വിശദാംശങ്ങൾ:
കണിയാർകുന്നിലെ കുന്നുമ്മൽ ഹൗസിൽ പി. ജാനകി (75) മീൻ മുറിക്കുന്നതിനിടെയാണ് സംഭവം. ഹെൽമെറ്റ് ധരിച്ചെത്തിയ രാജേഷ് കഴുത്തിൽനിന്ന് ഒരു പവന്റെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സുഹൃത്തിന്റെ സ്കൂട്ടറിൽ നമ്പർ പ്ലേറ്റ് മറച്ചെത്തിയാണ് ഇയാൾ മോഷണം നടത്തിയത്. ഒക്ടോബർ 16-ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഒക്ടോബർ 18-ന് അറസ്റ്റിലായ രാജേഷ് നിലവിൽ റിമാൻഡിലാണ്.
പാർട്ടി നടപടി:
കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാർഡ് നൂഞ്ഞമ്പായിലെ കൗൺസിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു പി.പി. രാജേഷ്. സംഭവത്തെ തുടർന്ന് രാജേഷിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
