ക്ഷേത്രത്തിൽ കവർച്ച തിരുവാഭരണങ്ങളും ഭണ്ഡാരവും കവർന്നു
ശ്രീകണ്ഠാപുരം:ക്ഷേത്രശ്രീകോവിൽ കുത്തി തുറന്ന കള്ളൻ
വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും ഭണ്ഡാരം കുത്തി തുറന്ന് പണവും കവർന്നു. ചെങ്ങളായി പരിപ്പായിയിലെ ശ്രീതായിപരദേവത ക്ഷേത്രത്തിലാണ് കവർച്ച. ശ്രീകോവിലിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്തുന്ന നെറ്റിപ്പട്ടം, ചന്ദ്രക്കല, താലി എന്നി ഉൾപ്പെടെ മൂന്ന് പവനും 12 ഗ്രാം വരുന്ന വെള്ളി ആഭരണവും ഭണ്ഡാരത്തിലുണ്ടായിരുന്ന രണ്ടായിരം രൂപയും കവർന്നു. ക്ഷേത്രത്തിലെത്തിയവരാണ് കവർച്ച നടന്നത് കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി. 2, 75,000 രൂപയുടെ മുതലുകൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന ക്ഷേത്രം ഭാരവാഹിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ ശ്രീകണ്ഠാപുരം പോലീസ് ക്ഷേത്രശ്രീകോവിലനകത്ത് ഉപേക്ഷിച്ച നിലയിൽ നെറ്റിപ്പട്ടം കണ്ടെത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും നടത്തിയ അന്വേഷണത്തിൽ കുപ്രസിദ്ധ ക്ഷേത്ര കവർച്ചക്കാരൻ്റെ വിരലടയാളം സ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ട്.
