കണ്ണൂർ: ഇൻഡോർ സ്റ്റേഡിയം പരിസരത്ത് മാലിന്യം കത്തിച്ചതിന് പോലീസിന് 5000 രൂപ പിഴ
കണ്ണൂർ : ടൗൺ സ്ക്വയറിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പോലീസിന് പിഴ ചുമത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് പോലീസ് മൈതാനത്തുനിന്ന് വൻതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ ഹരിതകർമസേനയ്ക്ക് നൽകി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക്് ഉൾപ്പെടെ കത്തിച്ചതായും കണ്ടെത്തി. നഗരപാലികാ ആക്ട് 340 പ്രകാരം 5,000 രൂപ പിഴ ചുമത്തി. തുടർനടപടി സ്വീകരിക്കാൻ സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദേശം നൽകി. മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരാതികൾ 9446700800എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാം.
