കാടാച്ചിറയിൽ വൻ കഞ്ചാവ് വേട്ട; 11കിലോയിൽ അധികം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്

കണ്ണൂർ ∙ കാടാച്ചിറ ഭാഗത്ത് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്‌സ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ 11.380 കിലോഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശിയെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇൻസ്പെക്ടർ അനുശ്രീ കെയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്.
അറസ്റ്റിലായത് ആസ്സാം സ്വദേശി അബ്ദുൽ കാദൂസ് (28) ആണ്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണവും പിന്നാലെ പിടികൂടലും നടന്നത്. പ്രതിയെ പിടികൂടുന്നതിൽ കേരള ATS വിഭാഗത്തിന്റെ സഹായം ലഭിച്ചു.
മയക്കുമരുന്ന് കേസുകളിൽ മുൻപ് കൂടി പ്രതിയായിരുന്ന അബ്ദുൽ കാദൂസ് കണ്ണൂർ മേഖലയിൽ കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനിയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
ഓപ്പറേഷനിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ സന്തോഷ് തൂനോളി, അനിൽ കുമാർ പി.കെ, അബ്ദുൽ നാസർ ആർ.പി, പ്രിവന്റീവ് ഓഫീസർ ഹരിദാസൻ, ഡ്രൈവർ അജിത് സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., ശ്യാം രാജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷബ്‌ന എന്നിവർ പങ്കെടുത്തു.






