October 24, 2025

ശബരിമല സ്വര്‍ണക്കൊള്ളയിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിൽ

img_5853.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കിളിമാനൂർ പുളിമാത്തെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ രഹസ്യകേന്ദ്രത്തിൽ 10 മണിക്കൂറിലേറെ ചോദ്യം ചെയ്തതിനൊടുവിലാണ് അർധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച റാന്നി കോടതിയിൽ ഹാജരാക്കും.

2019ൽ ശബരിമല ശ്രീകോവിലിനിരുഭാഗത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിന്‍റെ കട്ടിളയിലെയും പാളികൾ കൊണ്ടുപോയി സ്വർണം കവർന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. 

സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ്​ നടത്തിയ അന്വേഷണത്തിൽ തന്നെ പോറ്റിയുടെ പങ്ക്​ വ്യക്​തമായിരുന്നു​​. ബുധനാഴ്ച ദേവസ്വം ആസ്ഥാനത്തെത്തി വിജിലൻസ്​ ഉദ്യോഗസ്ഥരിൽ നിന്ന്​ വിവരങ്ങൾ ശേഖരിച്ചതിനു പിന്നാലെയാണ്​ വ്യാഴാഴ്ച അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തത്​. 

തനിക്ക്​ ലഭിച്ചത്​ ചെമ്പുപാളികളാണെന്ന് പറഞ്ഞ് ചോദ്യം ചെയ്യലുമായി ആദ്യം വേണ്ടത്ര സഹകരിക്കാതിരുന്ന പോറ്റി അന്വേഷണ സംഘം തെളിവുകൾ നിരത്തിയതോടെ വ്യക്​തമായ ഉത്തരങ്ങൾ നൽകിയെന്നാണ്​ വിവരം. അതേസമയം, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് രംഗത്തുവന്നതോടെ വീട്ടിലേക്ക് ഫോണ്‍ വിളിക്കാൻ അന്വേഷണ സംഘം അനുവദിച്ചു. 

ക്രൈംബ്രാഞ്ച്​ രജിസ്​റ്റർ ചെയ്ത കേസുകളിൽ അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബി. മുരാരി ബാബു, അസിസ്റ്റന്‍റ്​ എൻജിനീയർ കെ. സുനിൽ കുമാർ, 2019ൽ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ കെ.എസ്​. ബൈജു, 2020ൽ വിരമിച്ച മുൻ സെക്രട്ടറി എസ്​. ജയശ്രീ, 2021ൽ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ ആർ.ജി. രാധാകൃഷ്ണൻ, മുൻ അഡ്​മിനിസ്​ട്രേറ്റിവ്​ ഓഫിസർ കെ. രാ​ജേന്ദ്രൻ നായർ, 2022ൽ വിരമിച്ച മുൻ എക്സിക്യൂട്ടിവ്​ ഓഫിസർ ഡി. സുധീഷ്​ കുമാർ, 2024ൽ വിരമിച്ച അഡ്​മിനിസ്​ട്രേറ്റിവ്​ ഓഫിസർ എസ്​. ശ്രീകുമാർ, മുൻ എക്സിക്യൂട്ടിവ്​ ഓഫിസർ വി.എസ്​. രാ​​ജേന്ദ്ര പ്രസാദ്, 2019ലെ ദേവസ്വം ബോർഡ്​​ തുടങ്ങിയവരാണ്​ മറ്റുപ്രതികൾ. 

ഇതിൽ സർവിസിലുള്ള ബി. മുരാരി ബാബുവിനെയും കെ. സുനിൽകുമാറിനെയും ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. വിരമിച്ചവർക്ക് പത്തു ദിവസത്തിനകം വിശദീകരണം നൽകാനാവശ്യപ്പെട്ട് നോട്ടീസും നൽകി. സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയംഗം എ. പത്മകുമാർ, സി.പി.എം പ്രതിനിധി എൻ.വി. ജയകുമാർ, സി.പി.ഐ പ്രതിനിധി കെ.പി. ശങ്കരദാസ് എന്നിവരാണ് പ്രതിചേർത്ത 2019ലെ ബോർഡിന്‍റെ ഭരണസമിതിയിലുണ്ടായിരുന്നത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger