വയക്കാടി ബാലകൃഷ്ണന്റെ മരണം വേദനാജനകം: എം.വി. ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ: സിപിഐ(എം) മുൻ ഏരിയാ സെക്രട്ടറിയായിരുന്ന വയക്കാടി ബാലകൃഷ്ണന്റെ മരണം ഏറെ വേദനാജനകമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പൊതുരംഗത്തെത്തിയ ബാലകൃഷ്ണൻ പള്ളിക്കുന്ന് മേഖലയിലെ കഠിനമായ രാഷ്ട്രീയ വെല്ലുവിളികളെയും അക്രമങ്ങളെയും അതിജീവിച്ച നേതാവാണെന്ന് എം.വി. ഗോവിന്ദൻ ഓർമ്മപ്പെടുത്തി. സിപിഐ(എം) പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ നടന്നപ്പോൾ എല്ലായ്പ്പോഴും മുന്നണിയിൽ നിന്നു ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ പോരാളിയായിരുന്നു അദ്ദേഹം.
പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയാ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ച ബാലകൃഷ്ണൻ എ.കെ.ജി സഹകരണ ആശുപത്രി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിലെ തൊഴിലാളി യൂണിയൻ ഭാരവാഹിയായും അദ്ദേഹം മികച്ച പങ്കുവഹിച്ചിരുന്നു. ബാലകൃഷ്ണന്റെ വേർപാടിൽ പാർട്ടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി എം.വി. ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.






