തദ്ദേശ വകുപ്പിന്റെ പരിശോധന: നാല് സ്ഥാപനങ്ങൾക്ക് പിഴ

കണ്ണൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കേളകം, കാണിച്ചാർ, കൂടാളി പഞ്ചായത്തുകളിൽ നടത്തിയ പരിശോധനകളിൽ നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.നിരോധിത പ്ളാസ്റ്റിക് ക്യാരിബാഗുകൾ സൂക്ഷിച്ചതിന് നായാട്ടുപാറയിലെ എ വി സ്റ്റോറിന് പതിനായിരം രൂപയും ജൈവ -അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടതിന് ചിത്രാരിയിലെ ഗുഡ് ലക്ക് മിനി മാർട്ടിന് 2500 രൂപയും പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കൂടാളി ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാതെ സ്ഥാപന പരിസരത്ത് കൂട്ടിയിട്ടതിന് കണിച്ചാറിലെ എ വി ഓട്ടോ കെയർ എന്ന സ്ഥാപനത്തിന് 2500 രൂപയും, കേളകം മഞ്ഞളാംപുറത്തെ മാഷ് വാഷ് സ്പാ ആൻ്റ് ഡീറ്റെയിൽസ് എന്ന സ്ഥാപനതിന് ആയിരം രൂപയും പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. ബിനീഷ് കെ കെ യുടെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്.






