അഭിഷേകിന്‍റെയും ഗില്ലിന്‍റെയും സര്‍ജിക്കല്‍ സ്ട്രൈക്കിൽ പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനെ ആറു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്ത പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
39 പന്തിൽ 74 റൺസെടുത്ത അഭിഷേക് ശർമ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്മാൻ ഗിൽ 28 പന്തിൽ 47 റൺസും, തിലക് വർമ്മ 19 പന്തിൽ പുറത്താകാതെ 30 റൺസും നേടി. ഹാർദിക് പാണ്ഡ്യ 7 പന്തിൽ 7 റൺസുമായി വിജയം ഉറപ്പാക്കി. സഞ്ജു സാംസൺ 17 പന്തിൽ 13 റൺസ് നേടി പുറത്തായെങ്കിലും, ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ പങ്കുവഹിച്ചു.
ഓപ്പണർമാരായ അഭിഷേക്–ഗിൽ കൂട്ടുകെട്ട് 9.5 ഓവറിൽ 105 റൺസ് സംഭാവന ചെയ്തു. ഫഹീം അഷ്‌റഫാണ് ഗിലിനെ പുറത്താക്കിയത്. തുടർന്ന് ഹാരിസ് റൗഫ് ക്യാപ്റ്റൻ സൂര്യകുമാറിനെ പൂജ്യത്തിൽ മടക്കി. 24 പന്തിൽ അർധസെഞ്ചുറി നേടിയ അഭിഷേക് പുറത്തായെങ്കിലും തിലക് വർമ്മയും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പാകിസ്ഥാനായി സാഹിബ്സാദ ഫർഹാൻ 45 പന്തിൽ 58 റൺസുമായി തിളങ്ങി. സയ്യിം അയൂബ് (21), ഫഹീം അഷ്‌റഫ് (20*), ക്യാപ്റ്റൻ സൽമാൻ ആഗ (17*) എന്നിവർ സംഭാവന നൽകി. അവസാന പന്തിൽ ഫഹീം അഷ്‌റഫിന്റെ സിക്‌സറാണ് പാകിസ്ഥാനെ 170 കടത്തിയത്.
ഇന്ത്യക്കായി ശിവം ദുബെ രണ്ട് വിക്കറ്റും കുൽദീപ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി. ജസ്‌പ്രീത് ബുമ്ര നാല് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
🔹 സ്കോർ: പാകിസ്ഥാൻ – 171/5 (20 ഓവർ), ഇന്ത്യ – 174/4 (18.5 ഓവർ)






