അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ചു

പയ്യന്നൂർ. വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ച പ്രതി നിരീക്ഷണ ക്യാമറയിൽ കുടുങ്ങി. മുമ്പ് മോഷണ കേസിൽ പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ച
കോറോം കാനായിയിലെ പോത്തേര തമ്പാനെതിരെയാണ് പരാതിയിൽ പയ്യന്നൂർ പോലീസ് വീണ്ടും കേസെടുത്തത്. നാല് മാസം മുമ്പാണ് പ്രതി ജയിലിൽ നിന്നിറങ്ങിയത്. ബാംഗ്ലൂരിൽ താമസിക്കുന്ന കോറോം കാനായി നോർത്തിലെ കൈ പ്രത്ത്മീത്തലേ വീട്ടിൽ കനൽ ഗോവിന്ദിന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. പരാതിക്കാരന്റെ കാനായി നോർത്തിലുള്ള വീട്ടുപറമ്പിൽ പ്രതി അതിക്രമിച്ച് കയറി അരലക്ഷം രൂപ വില വരുന്ന തേങ്ങയും അടയ്ക്കയും ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനു ഉച്ചയ്ക്കും അതിനു മുമ്പുള്ള ഏതോ ദിവസങ്ങളിലും മോഷ്ടിച്ചു കൊണ്ടുപോയെന്നായിരുന്നു പരാതി. മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യം വീട്ടിലെ നിരീക്ഷണ ക്യാമറയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പരാതിക്കാരൻ ഇ.മെയിൽ വഴി പയ്യന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.