ശ്രീരാഘവപുരം സംഗീതസഭയുടെ ശ്രാവണോത്സവത്തിന് തുടക്കമായ്

പയ്യന്നൂർ: ശ്രീരാഘവപുരം സംഗീത സഭയുടെ ശ്രാവണോത്സവത്തിന് പയ്യന്നൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തുടക്കമായി. കുടൽ വള്ളി കേശവൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം നാരായണൻ നമ്പീശൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മാതംഗി സത്യമൂർത്തിയുടെ സംഗീത കച്ചേരിയോടെ സംഗീതോത്സവം ആരംഭിച്ചു. സുനിത ഹരിശങ്കർ വയലിനിലും ദീപിക ശ്രീനിവാസൻ മൃദംഗത്തിലും പക്കമേളമൊരുക്കി. ഏഴാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം നാല് മണി വരെ മനോജ് പയ്യന്നൂർ, ഇടയാർ ബ്രദേഴ്സ്, വത്സരാജ് പയ്യന്നൂർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതിലധികം സംഗീത പ്രതിഭകൾ കേരളവാഗ്ഗേയകാരന്മാരുടെ കൃതികൾ മാത്രം ഉൾപ്പെടുത്തിയുള്ള സംഗീത ആരാധന അവതരിപ്പിക്കും. വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം അജിത് നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ പുരാവസ്തു തുറമുഖം വകുപ്പ്മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സഭായോഗം പ്രസിഡണ്ട് ശ്രീകാന്ത് കാരഭട്ടതിരി, ശ്യാമള.കെ.എൻ, അനിൽ പുത്തലത്ത്, കെ.എസ്. കുമാർ തുരുത്തി, പ്രശാന്ത് കൃഷ്ണൻ, ഗോവിന്ദ പ്രസാദ് പി.കെ എന്നിവർ സംസാരിക്കും. തുടർന്ന് താമരക്കാട് ഗോവിന്ദൻ നമ്പുതിരിയുടെ സംഗീത കച്ചേരി അരങ്ങേറും സുനിത ഹരിശങ്കർ വയലിനിലും നാഗരാജ് നാരായണൻ മൃദംഗത്തിലും പക്കമേളമൊരുക്കും.