കണ്ണൂർ കോർപ്പറേഷൻ ദുരിതാശ്വാസ നിധി: 140 പേർക്ക് ധനസഹായം വിതരണം

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കോർപ്പറേഷൻ മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രയാസപ്പെടുന്നവർക്ക് ഒരാശ്വാസമായിട്ടാണ് ഇത് നൽകുന്നത്. സംസ്ഥാനത്ത് ഒരു തദ്ദേശ സഥാപനവും ഇത്രയും വിപുലമായ രീതിയിൽ ദുരിതാശ്വാസ നിധി ഏർപ്പെടുത്തിയിട്ടില്ല. കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ദസറയുടെ ചിലവ് കഴിച്ച് മിച്ചം വരുന്ന തുകയും സുമനസുള്ള വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകളുമാണ് ദുരിതാശ്വാസ നിധിയായി രൂപീകരിച്ചിട്ടുള്ളതെന്ന് മേയർ പറഞ്ഞു.സാമ്പത്തിക പരാധീനത കാരണം തുടർ ചികിത്സ നടത്താൻ കഴിയാത്തവർ, മരുന്ന് വാങ്ങുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, കിടപ്പ് രോഗികൾ എന്നിവർക്കാണ് മുൻഗണന നൽകുന്നത്. ഇത്തവണ 140 പേർക്കുള്ള ധനസഹായമാണ് വിതരണം ചെയ്തത്. ഈ ഭരണ സമിതിയുടെ കാലയളവിൽ ഏകദേശം 62 ലക്ഷത്തോളം രൂപ ദുരിതാശ്വാസ നിധിയിൽ പെടുത്തി വിതരണം ചെയ്തിട്ടുണ്ട്. മേയർക്ക് ലഭിക്കുന്ന അപേക്ഷകൾ ഫീൽഡ് തല പരിശോധന നടത്തി തികച്ചും അർഹരായവർക്കാണ് ധന സഹായം നൽകുന്ന തെന്ന് മേയർ പറഞ്ഞു.ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ഷമീമ ടീച്ചർ, വി.കെ ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മാരായ കെ.പി. അബ്ദുൽ റസാഖ്, കൂക്കിരി രാജേഷ്, പി.വി. ജയസൂര്യൻ, എം.ഉമൈബ ,ആസിമ സി.എച്ച്, ബീബി, കെ.പി അനിത, ബാലകൃഷ്ണൻ കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ഡി ജയകുമാർ എന്നിവർ പങ്കെടുത്തു