ആറളത്ത് കാട്ടാനകളെ കുങ്കിയാനയാക്കുന്ന കാര്യം പഠിക്കും -മന്ത്രി

ഇരിട്ടി : സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന മേഖലകളെ മനുഷ്യ-വന്യജീവി സൗഹൃദ മേഖലകളാക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആറളം വന്യജീവി ഡിവിഷനുകളിലെ മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ആറളം ഫാമിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മോഴയാനകളേയും മൊട്ടുക്കൊമ്പനേയും കുങ്കിയാനകളാക്കി മാറ്റുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
മിഷൻ ഫെൻസിങ്ങിന്റെ ഭാഗമായി കൊട്ടിയൂർ റേഞ്ചിലെ മണത്തണ, കീഴ്പള്ളി സെക്‌ഷനുകളിൽ നബാർഡ് ട്രാഞ്ചെ 28-ൽ ഉൾപ്പെടുത്തി നിർമ്മിച്ച 6.3 കിലോമീറ്റർ തൂക്കുവേലി, വനം ജീവനക്കാരുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണവം, തളിപ്പറമ്പ് റെയ്‌ഞ്ചുകളിൽ നിർമിച്ച ബാരക്കുകൾ, ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം ആവർത്തിക്കപ്പെടുന്ന ആറളം, കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, മുഴക്കുന്ന്, കണിച്ചാർ, പയ്യാവൂർ ഗ്രാമപ്പഞ്ചായത്തുകളിൽ ആദ്യഘട്ടമായി രൂപവത്‌കരിച്ച സന്നദ്ധ പ്രാഥമിക പ്രതികരണ (പിആർടി) സേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലനപരിപാടിയുടെ സമാപനം എന്നിവയാണ് മന്ത്രി ഉദ്ഘാടനംചെയ്തത്. തുടർന്ന് ആറളം പുനരധിവാസ മേഖലയിലേക്കുള്ള ആറളം വന്യജീവി ഡിവിഷന്റെ സഞ്ചരിക്കുന്ന വായനശാലയുടെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു.






