എം.വി. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെ നിലപാടിന് സമാനം — തലശ്ശേരി അതിരൂപത

തലശ്ശേരി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്ന് തലശ്ശേരി അതിരൂപത. എകെജി സെന്ററിൽനിന്ന് തിട്ടൂരംവാങ്ങിയശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂവെന്ന സമീപനം ഉള്ളിലൊളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്നു രൂപത പ്രസ്താവനയിൽ പറഞ്ഞു.
ഛത്തീസ്ഗഢ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും സംഘപരിവാർ സംഘടനകളുടെയും ഭരണഘടനാവിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിർത്ത മാർ ജോസഫ് പാംപ്ലാനി നിലപാടുകളിൽ മാറ്റംവരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല. ഛത്തീസ്ഗഢ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിന്റെ ആവശ്യം സർക്കാർ മനസ്സിലാക്കി കേന്ദ്രം ഇടപെട്ടതിൽ നന്ദിയറിയിച്ചത് നിലപാട് മാറ്റമല്ല.
ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള സർക്കാർ നടപടികൾ എക്കാലവും എതിർക്കപ്പെടേണ്ടതാണെന്ന നിലപാടാണ് മാർ. ജോസഫ് പാംപ്ലാനി എടുത്തിരിക്കുന്നത്. സിപിഎം പോലുള്ള ഒരു രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നത് തികച്ചും അപലപനീയമാണ്, അതിരൂപത പറഞ്ഞു.
പാംപ്ലാനിയെപോലെ അവസരവാദം പറയുന്ന വേറൊരാളില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പരാമർശം. എൻജിഒ യൂണിയൻ തളിപ്പറമ്പ് ഏരിയാ സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കുനേരേ കടന്നാക്രമണമുണ്ടായപ്പോൾ ഞെട്ടി. ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ആലോചിക്കേണ്ടിവരുമെന്നു പറഞ്ഞു. അവസാനം ജാമ്യം കിട്ടിയ ഉടനെ കേന്ദ്രമന്ത്രി അമിത്ഷായുൾപ്പെടെയുള്ളവരെ അച്ചന്മാർ കെയ്ക്കും കൊണ്ട് കാണാൻപോയി. സോപ്പിടാൻ. ഓഫീസിൽനിന്നിറങ്ങുമ്പോഴാണ് മറ്റൊരു വിവരം. അച്ചന്മാരെയും അടിച്ചുവെന്നത്. അപ്പോൾ ചോദിച്ചു ഞങ്ങൾ യൂറോപ്പിലാണോ ജീവിക്കേണ്ടതെന്ന്. എന്തെങ്കിലും കാണുമ്പോൾ കെയ്‌ക്കും വാങ്ങിപ്പോയി പ്രശ്നം പരിഹരിച്ചുകളയാം എന്നതല്ല. ഇതിന്റെ അടിസ്ഥാനപരമായ പ്രശ്നം മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഇന്ത്യയിൽ ജീവിക്കേണ്ടവരല്ലെന്നും അവർ പുറമേ പോകേണ്ടവരാണെന്നുമുള്ള പ്രചാരണം നടത്തലാണ്- അദ്ദേഹം കുറ്റപ്പെടുത്തി.






