പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്ന മോഷ്ടാവ് കുരുവി സജു പിടിയിൽ ; പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തിലും മോഷണം നടത്തി

നീലേശ്വരം: പെട്രോൾ പമ്പിൽ നിന്നും മേശവലിപ്പ് തുറന്ന് ഒന്നര ലക്ഷം രൂപകവർന്ന മോഷ്ടാവ് പിടിയിൽ. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ഇരിട്ടി ചളിയൻ തോട്ടിലെ
കുരുവി സജു എന്ന സജീവനെ (40) യാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ നീലേശ്വരം സ്റ്റേഷൻ ഇൻസ്പെക്ടർ നിബിൻ ജോയിയും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ്
നീലേശ്വരം രാജാറോഡിലെ വിഷ്ണു ഏജൻസീസ് പെട്രോൾ പമ്പിൽനിന്നു ഒന്നരലക്ഷം രൂപ പ്രതി കവർന്നത്.
കാൽ നടയായിവന്ന പ്രതിയുടെ കൈയിൽ പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. പെട്രോൾ വാങ്ങാൻ എത്തിയതാകുമെന്നാണ് ജീവനക്കാർ കരുതിയത്. പമ്പിലെ ജീവനക്കാരൻ കാറിന് സമീപം പോയ തക്കത്തിൽ
മേശയ്ക്ക് അരികിൽ നിന്ന ഇയാൾ വലിപ്പിൽനിന്ന് പണവുമായി കടന്നുകളയുകയായിരുന്നു. പമ്പിലെ
അക്കൗണ്ടന്റ് സ്ഥലത്തെത്തിയപ്പോഴാണ് പണം മോഷണം പോയ വിവരം അറിയുന്നത്. പണം കാണാതായതോടെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നീലേശ്വരംപോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവ് കുരുവി സജുവാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് കാസറഗോഡിന് സമീപം വെച്ചാണ് മോഷ്ടാവ് പോലീസ് പിടിയിലായത്. ദിവസങ്ങൾക്ക് മുമ്പ് പയ്യന്നൂർ സെൻട്രൽ ബസാറിലെ വെസ്സൽ സ് വ്യാപാര സ്ഥാപനത്തിലെ മേശവലിപ്പിൽ നിന്നും പണം കവർന്ന സംഭവമുണ്ടായിരുന്നു സാധനം വാങ്ങാനെന്ന വ്യാജേന എത്തിയവർക്കൊപ്പം കടയിൽ കയറിയ ഇയാൾ ജീവനക്കാരൻ പണമെടുത്തു കൊടുക്കുന്നത് ശ്രദ്ധിക്കുകയും സെയിൽസ്മാൻ അവിടുന്ന് മാറിയപ്പോൾ ബോക്സിൽ സൂക്ഷിച്ച 1000 രൂപയോളം മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. കടയുടമ പയ്യന്നൂർ പോലീസിൽ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി കടയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് കുരുവി സജുവാണെന്ന് തിരിച്ചറിഞ്ഞത്.