ദേശീയ പണിമുടക്കിൻ്റെ മറവില്‍ ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിട്ടു : തളിപ്പറമ്പ് ബാംബു ഫ്രഷ് റസ്റ്റോറന്റ് നാട്ടുകാര്‍ ഉപരോധിച്ചു

തളിപ്പറമ്പ്: പൊതു പണിമുടക്കിന്റെ മറവിൽ പട്ടാപ്പകൽ കീഴാറ്റൂർ തോട്ടിലേക്ക് കക്കൂസ് മാലിന്യം പമ്പ് ചെയ്ത് ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് തളിപ്പറമ്പ് ചിറവക്കിലെ ബാംബുഫ്രഷ് ഹോട്ടൽ നഗരസഭ അധികൃതർ അടപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
മലിനമൊഴുക്ക് മൂലം തോട്ടിലൂടെ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ, സെപ്റ്റിക് ടാങ്ക് തുറന്ന് ഹോട്ടൽ മാലിന്യം തോട്ടിലേക്ക് ഒഴുക്കിയതാണെന്നു വ്യക്തമായതോടെയാണ് പ്രതിഷേധം രൂക്ഷമായത്. കീഴാറ്റൂരിൽ നിന്ന് എത്തിയ നാട്ടുകാർ ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ചു.
നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. നബീസബീവി, പി.പി. മുഹമ്മദ് നിസാർ, കൗൺസിലർമാരായ കെ.എം. ലത്തീഫ്, കെ. രമേശൻ, സിപിഎം നോർത്ത് ലോക്കൽ സെക്രട്ടറി കെ. ബിജുമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി.
പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയതിനോടെയാണ് താത്കാലിക പരിഹാരമായത്. സെപ്റ്റിക് ടാങ്ക് പ്രശ്നത്തിൽ ശാശ്വതപരിഹാരം ഉണ്ടാക്കിയാൽ മാത്രമേ ഹോട്ടൽ വീണ്ടും തുറക്കാനനുമതി ലഭിക്കുകയുള്ളുവെന്ന് നഗരസഭാ വൈസ് ചെയർമാൻ അറിയിച്ചു.
നഗരത്തിലെ മറ്റ് സ്ഥാപനങ്ങളിലും ഇതേപോലെ മാലിന്യം കാക്കാത്തോട്ടിലേക്ക് ഒഴുക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയും അധികൃതർക്ക് കൈമാറിയതായി റിപ്പോർട്ടുണ്ട്.