മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും വെള്ളക്കുപ്പികളും പിടികൂടി

ഇരിട്ടി: തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഇരിട്ടി നഗരസഭാ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ക്വിൻ്റൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കളും 35 കുപ്പികൾ വീതമുള്ള 56 കേയ്സ് നിരോധിത 300 മില്ലി വെള്ളക്കുപ്പികളും പിടിച്ചെടുത്തു.ഇരിട്ടി നേരമ്പോക്ക് റോഡിലെ സി കെ മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള സി കെ സ്റ്റോറിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ വാഴയിലകളും,പ്ലാസ്റ്റിക് സ്പൂണുകളും സ്ക്വാഡ് പിടിച്ചെടുത്തത്.പകുതിയോളം ക്യാരിബാഗുകളുടെ കവറിന് പുറത്ത് തെറ്റിദ്ധരിപ്പിക്കാൻ പാക്കേജിംഗ് കവർ(HDPE) എന്ന് പ്രിൻ്റ് ചെയ്തതായി സ്ക്വാഡ് കണ്ടെത്തി.ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും ചടങ്ങുകളിൽ വ്യാപകമായി നിരോധിത പേപ്പർ വാഴയിലകൾ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.ഇരിട്ടി പയഞ്ചേരി മുക്കിലെ സി മെഹ്റൂഫിൻ്റെ വീടിനോട് ചേർന്നുള്ള ഗോഡൗണിൽ നിന്നാണ് വാഹനങ്ങളിൽ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ച നിരോധിത 300 മില്ലി വെള്ളക്കുപ്പികൾ കണ്ടെടുത്തത്. ഇവ മലപ്പുറം ജില്ലയിൽ നിർമ്മിച്ച് ഏജൻസികൾ വഴി വിതരണത്തിന് എത്തിക്കുന്നതാണ്.പ്രധാനമായും കല്യാണ വീടുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും വിതരണം ചെയ്യാനാണ് ശേഖരിച്ചു വെച്ചിരുന്നത്.രണ്ട് കേസുകളിലും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ഇരിട്ടി നഗരസഭയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി .പിടിച്ചെടുത്ത സാധനങ്ങൾ നഗരസഭയുടെ എംസിഎഫിലേക്ക് മാറ്റി.പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ലജി എം ,കെ ആർ അജയകുമാർ, ശരീകുൽ അൻസാർ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്നശ്രീ എന്നിവർ പങ്കെടുത്തു.