കെടാവിളക്ക് സ്കോളര്‍ഷിപ്പ്- പിന്നാക്ക ന്യൂപക്ഷങ്ങളെ ഒഴിവാക്കിയ നടപടി പുനസ്ഥാപിക്കാമെന്ന ഉറപ്പ് ഈ വര്‍ഷവും പാലിക്കപ്പെട്ടില്ല കെ എല്‍ സി എ

കണ്ണൂർ : പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് എന്ന പേരില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ നല്‍കിയ പരാതികളില്‍ സ്കോളര്‍ഷിപ്പ് നഷ്ടാമാതിരിക്കാന്‍ നടപടികള്‍ എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷവും അത് പുനസ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ കണ്ണൂർ രൂപത സമിതി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്‍റെ പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയിലാണ് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയത്. 17.10. 2023 ല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലത്തില്‍ നിന്നും ഇറക്കിയ വിജ്ഞാപനം പ്രകാരം ഒ ഇ സി, ഒ ബി സി(എച്ച്), ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല എന്നാണ് നിര്‍ദ്ദേശം.
കുട്ടികളുടെ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് നല്‍കേണ്ട സ്കോളര്‍ഷിപ്പ് തുക പോലും നല്‍കാതെ ഇതര കാര്യങ്ങള്‍ക്ക് ഫണ്ട് ചെലവാക്കുന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണം. ഈ വര്‍ഷവും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്ന സമുദായങ്ങളുടെ പട്ടികയില്‍ ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് ഗുരുതരമായ വിവേചനമാണെന്നും ഉടന്‍ തന്നെ പുനസ്ഥാനിക്കണമെന്നും കെ എല്‍ സി എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു.
കണ്ണൂർ രൂപത പ്രസിഡന്‍റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അനുഗ്രഹ ഭാഷണം നടത്തി. രൂപത ജനറല്‍ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, മുൻ സംസ്ഥാന പ്രസിഡണ്ട് ആന്‍റണി നൊറോണ, സംസ്ഥാന സെക്രട്ടറി ജോൺ ബാബു കോളയാട്, രൂപത വൈസ് പ്രസിഡന്‍റ്മാരായ, ലെസ്ലി ഫെർണാണ്ടസ്, എലിസബത്ത് കുന്നോത്ത് ഡിക്സൺ ബാബു തലശ്ശേരി, പ്രീത ചാലിൽ രൂപത സെക്രട്ടറിമാരായ ഫ്രാൻസിസ് സി. അലക്സ് താവം,ജോൺ പിൻ്റോ കാഞ്ഞങ്ങാട് , റീജ സ്റ്റീഫൻ, റിക്സൺ ജോസഫ് തലശ്ശേരി, കെ.എച്ച് ജോൺ എന്നിവര്‍ പ്രസംഗിച്ചു.