July 14, 2025

നെഞ്ചുലഞ്ഞ് നാട്; അനന്തുവിനെ അവസാനമായി കാണാൻ ആയിരങ്ങൾ, വിതുമ്പലടക്കാനാവാതെ സഹപാഠികൾ

img_0871-1.jpg

നിലമ്പൂര്‍: നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ (ജിത്തു) മൃതദേഹം വീട്ടിലെത്തിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തു പഠിച്ചിരുന്ന സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 

അപകടത്തിന്റെ ഞെട്ടിലില്‍നിന്ന് ആ നാട് ഇതുവരെയും പുറത്തുവന്നിട്ടില്ല. ശനിയാഴ്ച പെരുന്നാളിന്റെ അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍പിടിക്കാന്‍ ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാന്‍വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്. 

അനന്തുവിനൊപ്പം പരിക്കേറ്റ യദു, ഷാനു എന്നിവര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന സ്‌കൂളിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. അവിടെ പത്തുമിനിട്ടോളം പൊതുദര്‍ശനത്തിന് വെച്ചു. ശേഷമാണ് മൃതദേഹം വഴിക്കടവിലെ വീട്ടിലേക്ക് എത്തിച്ചത്. വലിയ വാഹനമൊന്നും പോകാത്ത വഴിയാണ് അനന്തുവിന്റെ വീട്ടിലേക്ക്. അവിടേക്ക് നാട്ടുകാര്‍ ചുമന്നാണ് മൃതദേഹം എത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വിനീഷും കുഞ്ഞുമുഹമ്മദും നാട്ടിലെ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാരും പറയുന്നു. കെണിവെച്ച് മൃഗങ്ങളെ പിടിച്ച് വില്‍പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറയുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger