ആയിപ്പുഴ പീഡനക്കേസിൽ രണ്ടാംപ്രതിക്ക് 15 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും

തളിപ്പറമ്പ്: പ്രമാദമായ മട്ടന്നൂർ ആയിപ്പുഴ പീഡനക്കേസിലെ രണ്ടാംപ്രതിക്ക് 15 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പടിയൂര്‍ പെടയക്കോട്ടെ മാങ്ങാടൻ പുതിയ പുരയിൽ ഹൗസിൽ കുണ്ടന്‍ കുളുക്കുമ്മ സക്കറിയ(46) യെ യാണ് തളിപ്പറമ്പ് അതിവേഗ (പോക്‌സോ ) കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത്.
2008- ൽ ആയിരുന്നു പറശിനിക്കടവിലെ റിസോർട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം .
12 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പ്രതികളെ തലശേരി കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
ഇവര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.
സംഭവം നടന്ന ശേഷം പിടികൊടുക്കാതെ സക്കറിയ വിദേശത്തേക്ക് കടന്നു.
2024 സപ്തംബറില്‍ നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാൾ പോലീസിൻ്റെ പിടിയിലായത്. റിമാൻ്റിലായ പ്രതി ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജിയില്‍ വിധി പറഞ്ഞുകൊണ്ട് മൂന്ന് മാസത്തിനകം കേസ് വിചാരണ നടത്തി തീര്‍പ്പുകല്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി മുമ്പാകെയെത്തിയ കേസില്‍ ജൂണ്‍ പത്തി നകം വിധി പ്രസ്താവിക്കണമെന്ന ഹൈക്കോടതി കോടതി നിർദേശവുമുണ്ടായിരുന്നു. പെൺകുട്ടിയെ
തട്ടിക്കൊണ്ടുപോയതിന് അഞ്ച് വര്‍ഷവും ബലാല്‍സംഗം ചെയ്തതിന് പത്ത് വര്‍ഷവുമുൾപ്പെടെ 15 വർഷവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
അന്നത്തെ മട്ടന്നൂര്‍ സ്റ്റേഷൻ സി.ഐ വി.എന്‍.വിശ്വനാഥന്‍, എസ്.ഐ. പി.കെ.മണി എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.