സ്കൂൾ വിദ്യാർത്ഥിയെ അപമാനിച്ച സംഭവം വിവാദമായി

പയ്യന്നൂർ: സ്കൂൾ ബസിൽ യാത്ര ചെയ്യുന്നതിനായി അടക്കേണ്ട ബസ് ഫീസടക്കുന്നതിൽ വീഴ്ചവരുത്തിയെന്നതിൻ്റെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്നും ഇറക്കി അപമാനിച്ചതായി പരാതി. തായിനേരി സ്കൂളിലെ എട്ടാം തരത്തിലെ വിദ്യാർത്ഥിക്കുണ്ടായ ദുര നുഭവത്തിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ കലക്ടർക്കും വിദ്യാർത്ഥിയുടെ രക്ഷിതാവ് പരാതി നൽകി.
അധ്യായന വർഷത്തിലെ ആദ്യദിനമായ ഇന്നലെ ഉച്ചക്ക് സ്കൂൾ വിട്ട് വീട്ടിലേക്ക് തിരിച്ചു പോകാനായി സ്കൂൾബസിൽ കയറിയിരുന്ന വിദ്യാർത്ഥിയോടാണ് മാനേജ്മെൻ്റ് പ്രതിനിധിയെന്ന് പറയുന്ന വ്യക്തിയുടെ അപമാനകരമായ ഇടപെടലെന്നാണ് പരാതി. കുട്ടിയെ ബസിൽ നിന്നും കോളറിൽ പിടിച്ചു വലിച്ച് പുറത്തിറക്കി രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചുവെന്നും മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരിഹസിച്ചു വെന്നുമാണ് പരാതി. പിന്നീടു
രണ്ട് മണിക്കൂറിന് ശേഷം രണ്ടാളുകൾ കയറിയ സ്കൂട്ടറിൽ കയറ്റി വീടിന് സമീപത്തെ റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പറയുന്നു. സംഭവം വിവാദമായതോടെ വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്കൂളിലെത്തി അന്വേഷണം തുടങ്ങി.