July 14, 2025

സ്ഥാപിക്കുന്നത് തെയ്യമെന്ന അനുഷ്ഠാനകലയുടെ കഥ പറയുന്ന മ്യൂസിയം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

img_9724-1.jpg

തികച്ചും ആചാരാനുഷ്ഠിതമായ ഒരു കലാരൂപം എന്ന നിലയിൽ അതിന്റെ വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കുമൊന്നും ഒരു കോട്ടവും വരാതെ തന്നെ തെയ്യമെന്ന അനുഷ്ഠാനകലയുടെ കഥ പറയുന്ന മ്യൂസിയമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയിൽ സംസ്ഥാന മ്യൂസിയം വകുപ്പ് സ്ഥാപിക്കുന്ന തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മ്യൂസിയത്തിന്റെ രൂപരേഖയുടെ ഓരോ ഘട്ടത്തിലും ഈ രംഗത്തുള്ള ആചാര സ്ഥാനികരുമായും കോലധാരികളുമായും മറ്റും ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് ഡീറ്റെയിൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡി പി ആർ) തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ അക്കാര്യങ്ങളിൽ ഒന്നും ഒരു ആശങ്കയും വേണ്ടതില്ല എന്ന് കൂടി അറിയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

 ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് നിർദ്ദേശിക്കപ്പെട്ടതായിരുന്നു ഈ തെയ്യം മ്യൂസിയം. അന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്ന സ്ഥലം മ്യൂസിയത്തിനായി വിട്ടു നൽകി. സ്ഥലം ഏറ്റെടുത്ത് മ്യൂസിയത്തിനുള്ള രൂപരേഖയും മറ്റും തയ്യാറാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ കരാർ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട് രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് 7.96 കോടി രൂപയുടെ പുതിയ ഭരണാനുമതി നൽകുകയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിച്ചിട്ടുണ്ട്. നിർമ്മാണത്തിനുള്ള മൊബിലൈസേഷൻ അഡ്വാൻസായി ഒരു കോടി രൂപ ഇതിനകം കൈമാറിയിട്ടുണ്ട്. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി മ്യൂസിയം സജ്ജീകരണത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിന് ആവശ്യമായ രീതിയിൽ സമയബന്ധിതമായി കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 

 എം വിജിൻ എംഎൽഎ അധ്യക്ഷനായി. 

 രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി, മുൻ എം. എൽ എ ടി.വി. രാജേഷ് എന്നിവർ മുഖ്യാതിഥികളായി. മ്യൂസിയം- മൃഗശാല വകുപ്പ്‌ ഡയറക്ടര്‍ പി.എസ്‌. മഞ്‌ജുളാദേവി പദ്ധതി വിശദീകരിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.സുലജ, വൈസ്‌ പ്രസിഡന്റ്‌ കെ.മോഹനന്‍, തളിപ്പറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സി.ഐ.വത്സല ടീച്ചർ, വാർഡ് മെമ്പർ എം.വി.പ്രീത, മുൻ പ്രസിഡന്റുമാരായ പി.പി.ദാമോദരൻ, ഇ.പി.ബാലകൃഷ്ണൻ, സംഘാടകസമിതി കൺവീനർ ടി.വി.ചന്ദ്രൻ, ആർട്ട് ഗ്യാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയം സൂപ്രണ്ട് പി എസ് പ്രിയരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, വി.പി.സുഭാഷ്, എം.പി.ഉണ്ണികൃഷ്ണൻ, ബാബു രാജേന്ദ്രൻ, ടി.രാജൻ എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger