സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ നിർത്താതെ പോയ ടാങ്കർ ലോറി പിടിയിൽ

വളപട്ടണം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനായ യുവാവിൻ്റെ സ്കൂട്ടറിന് പിന്നിൽ മാലിന്യ ലോറിയിടിച്ച് അപായപ്പെടുത്തിയ ശേഷം നിർത്താതെ പോയ മാലിന്യ ടാങ്കർ ലോറി പിടിയിൽ. ഇന്നലെ രാത്രിയിൽ വാഹനത്തിനു വേണ്ടിയുള്ള വ്യാപക തെരച്ചലിൽ കണ്ണൂർ വാരത്ത് ഉൾപ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മാലിന്യ ടാങ്കർ ലോറി വളപട്ടണം ഇൻസ്പെക്ടർ ടി പി. സുമേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ടി എം . വിപിൻ, എ എസ്.ഐ. നിവേദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കിരൺ, സിവിൽ പോലീസ് ഓഫീസർ സുമിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ക്രെയിൻ ഉപയോഗിച്ച് വളപട്ടണം സ്റ്റേഷനിലെത്തിച്ചു.
തിങ്കളാഴ്ച രാത്രി യിലാണ് പാപ്പിനിശേരി ഈന്തോട് സ്വദേശി കെ. പവിത്രൻ- ഉഷ ദമ്പതികളുടെ മകൻ ഐശ്വര്യ നിവാസിൽ അശ്വിൻ (22) ലോറിയിടിച്ച് മരിച്ചത്. രാത്രി 11.45 മണിയോടെ ദേശീയ പാതയിൽ വളപട്ടണം പാലത്തിന് സമീപം ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ പയ്യാമ്പലത്തെ ബർഗർ സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് തൻ്റെ കെ എൽ 13. എ. ഇ. 412 നമ്പർ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ അമിത വേഗതയിൽ കുറുക്കുവഴിയിലൂടെ വന്ന മാലിന്യ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയും മറ്റൊരു കാറിൽ ഇടിച്ച് അപകടം വരുത്തിയ ശേഷം നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. നിരവധി വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അപകടം വരുത്തി കടന്നു കളഞ്ഞ ടാങ്കർലോറി പോലീസ് കണ്ടെത്തിയത്. നമ്പർ പ്ലേറ്റുകൾ ചുരണ്ടി നശിപ്പിച്ച നിലയിലാണ്. വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് തിരച്ചറിഞ്ഞിട്ടുണ്ട്. ഇവർ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.