കക്കൂസ് മാലിന്യം പുറത്തേക്ക്. ക്വാർട്ടേഴ്സിന് 40000 പിഴ

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ചൊക്ലി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കക്കൂസ് മാലിന്യം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിട്ട 3ാം വാർഡിലെ ക്വാർട്ടേഴ്സിന് നാൽപ്പതിനായിരം രൂപ പിഴ ചുമത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ക്വാർട്ടേഴ്സും പരിസരവും പരിശോധന വേളയിൽ കാണപ്പെട്ടത്. കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ച് ക്വാർട്ടേഴ്സിന്റെ പിറകുവശത്ത് വഴിഞ്ഞൊഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഹരിത കർമ്മ സേനയ്ക്ക് നൽകി കയ്യൊഴിയേണ്ട പാൽ കവറുകൾ എണ്ണ കവറുകൾ ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളും പിറകു വശത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. മാലിന്യം കത്തിച്ചതായും സ്‌ക്വാഡ് കണ്ടെത്തി. നാല് കുടുംബങ്ങൾ താമസിക്കുന്ന പ്രസ്തുത ക്വാർട്ടേഴ്സിൽ ഒരിടത്തുനിന്ന് മാത്രമാണ് ഹരിത കർമ്മ സേനയ്ക്ക് മാലിന്യങ്ങൾ നൽകിയിരുന്നത്. പതിമൂന്നാം വാർഡിലെ തന്നെ അർഷാദിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ അജൈവമാലിന്യം പരിസരത്ത് കൂട്ടിയിട്ടതായും ജില്ലാ സ്‌ക്വാഡ് കണ്ടെത്തി. പ്രസ്തുത ക്വാർട്ടേഴ്സിൽ നിന്നും ഹരിത കർമ്മ സേനയ്ക്ക് മാലിന്യങ്ങൾ തീരെ നൽകിയിരുന്നില്ല.ജൈവ മാലിന്യ സംസ്കരണവും തൃപ്തികരമായിരുന്നില്ലെന്നും സ്‌ക്വാഡ് കണ്ടെത്തി. പഞ്ചായത്തീ രാജ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം വീട്ടുടമസ്ഥന് പതിനഞ്ചായിരം രൂപ പിഴ ചുമത്തി. പ്രവർത്തനം നിർത്തിയ വയലിൽ പീടികയിലെ അനശ്വര സ്റ്റോറിലെ ജൈവ അജൈവ മാലിന്യങ്ങൾ തുറത്തായ സ്ഥലത്ത് സ്ഥാപനത്തിന് സമീപം കൂട്ടിയിട്ടതിന് കടയുടമയ്ക്ക് 5000 രൂപയും പിഴ ചുമത്തി. തുടർ നടപടികൾ സ്വീകരിക്കുന്നതിന് ചൊക്ലി ഗ്രാമ പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ ആർ അജയകുമാർ, പി എസ് പ്രവീൺ, ഷാലിഖ്, ചൊക്ലി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ രംന സി എൻ എന്നിവർ പങ്കെടുത്തു.
മാലിന്യ സംസ്കരണത്തിലെ നിയമലംഘങ്ങൾ..പിഴ വരുന്ന വഴി
പഞ്ചായത്തീരാജ് ആക്ട് പ്രകാരവും മുൻസിപ്പൽ ആക്ട് പ്രകാരമാണ് മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത്. 1. സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പഞ്ചായത്തീ രാജ് ആക്ട് 219 (ഐ) പ്രകാരം 5000 രൂപ . 2)പൊതു സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 219 (എൻ) പ്രകാരം 5000 രൂപ 3)ഹരിത കർമ്മ സേനയ്ക്കോ അംഗീകൃത ഏജൻസികൾക്കോ മാലിന്യം സംസ്‌കരണത്തിനായി നൽകാതിരുന്നാൽ 219 (എ സി ) പ്രകാരം 10000 രൂപ വരെ പിഴ ചുമത്താം. 4)മലിനജലം പുറത്തേക്കോ ജലസ്രോതസ്സുകളിലേക്ക് ഒഴുക്കി വിട്ടാൽ 219 (കെ)പ്രകാരം 5000 മുതൽ 50000 വരെ പിഴയിടാം. 5) മാലിന്യം ജലാശയങ്ങളിലോ ജലസ്രോതസ്സുകളിലോ നിക്ഷേപിച്ചാൽ 219 (എസ് ) പ്രകാരം 10000 മുതൽ 50000 വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കാം. മേൽപ്പറഞ്ഞ നിയമലംഘനങ്ങൾക്ക് മുൻസിപ്പൽ ആക്ട് അനുസരിച്ച് വിവിധ വകുപ്പുകൾ പ്രകാരം ഇതേ തുക തന്നെയാണ് പിഴ ഈടാക്കുക.







