കല്യാണം മുടങ്ങിയതിന് കഴുത്തിന് കത്രിക വെച്ച് യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

വളപട്ടണം : പ്രണയിച്ച യുവതിയെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചത് ചോദ്യം ചെയ്ത യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പ്ലാസ്റ്റിക്ക് സ്റ്റൂളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയും ചീത്തവിളിച്ച് കഴുത്തിന് കത്രിക വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പാപ്പിനിശേരി കരിക്കിൻ കുളത്തെ 26കാരിയുടെ പരാതിയിലാണ് ചെറുകുന്ന് ഒതയമ്മാടത്തെ പി.നിഖിലിനെ (30) തിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിക്ക് ആണ് സംഭവം. പ്രതി ഇഷ്ടത്തിലായിരുന്ന പരാതിക്കാരിയെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയുമായി കല്യാണം ഉറപ്പിച്ചത് പരാതിക്കാരി ചോദ്യം ചെയ്തതിലും കല്യാണം പരാതിക്കാരി കാരണം മുടങ്ങി എന്നാരോപിച്ചുമായിരുന്നു അതിക്രമം. പരിക്കേറ്റ യുവതി കണ്ണൂർ ഏ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







