കണ്ണൂർ ദസറ ഇത്തവണ വിപുലമാക്കും; കോർപ്പറേഷൻ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ ഈ വർഷം വിപുലമായി ആഘോഷിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. പി. ഇന്ദിര ചെയർമാനായും, ഡെപ്യൂട്ടി മേയർ കെ.പി താഹിർ ജനറൽ കൺവീനറായും, കെ.സി രാജൻ മാസ്റ്റർ കോ-ഓർഡിനേറ്ററായും വിപുലമായ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
എം.എൽ.എമാരായ അഡ്വ. ടി.ഒ മോഹനൻ, കെ.വി സുമേഷ്, ജില്ലാ കലക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ് എന്നിവർക്ക് പുറമെ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മുൻ മേയർമാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ-സാംസ്കാരിക-സന്നദ്ധ സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി ജില്ലാ അധ്യക്ഷന്മാർ എന്നിവർ ഉൾപ്പെടുന്ന വിപുലമായ രക്ഷാധികാരി പാനലിനും യോഗം രൂപം നൽകി.







