തിരുവോണത്തെ വരവേൽക്കാൻ കണ്ണൂർ; ഉത്രാടപ്പാച്ചിലിലേക്ക് നാടുണർന്നു, വിപണിയിൽ ഇന്ന് വൻ തിരക്ക് പ്രതീക്ഷിക്കുന്നു

Screenshot
കണ്ണൂർ: നാളെ തിരുവോണം; ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക് കടക്കുകയാണ്. ഇന്ന് വൻ തിരക്കിനാണ് വിപണികൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഓണക്കോടിയെടുക്കാനും സദ്യവട്ടങ്ങൾക്കുള്ള വിഭവങ്ങൾ വാങ്ങാനുമായി രാവിലെ മുതൽ തന്നെ ആളുകൾ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എല്ലാം നേരത്തെ കരുതിയവർ പോലും ഉത്രാടച്ചന്തയിൽ ഒന്നുകൂടി കയറിയിറങ്ങുന്ന കാഴ്ചയാണ് ഇന്നത്തെ പ്രധാന സവിശേഷത.
വസ്ത്രവ്യാപാര ശാലകൾ, ഗൃഹോപകരണ വിപണി, ചിപ്‌സ് കടകൾ, പൂവിപണി, ഓണം വിപണന മേളകൾ തുടങ്ങി എല്ലായിടത്തും ഇന്ന് വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പഴയ ബസ് സ്റ്റാൻഡ് പരിസരം, പ്ലാസ, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ അനുഭവപ്പെട്ട തിരക്ക് ഇന്ന് അതിന്റെ പാരമ്യത്തിലെത്തും. കണ്ണൂർ നഗരത്തിൽ മാത്രം എണ്ണൂറിലധികം തെരുവുകച്ചവടക്കാരാണ് പൂവിപണിക്കായി എത്തിയിട്ടുള്ളത്. താഴെ ചൊവ്വ, മേലെ ചൊവ്വ, പുതിയ ബസ്റ്റാൻഡ് റോഡ്, പുതിയതെരു, കാൾടെക്‌സ് തുടങ്ങിയ ഇടങ്ങളിലെല്ലാം വാഹനത്തിരക്കും ഗതാഗതക്കുരുക്കും രൂക്ഷമാകാൻ സാധ്യതയുണ്ട്.
അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും രാവിലെ മുതൽ അനുഭവപ്പെടുന്നുണ്ട്. ഓണക്കച്ചവടം ലക്ഷ്യമിട്ട് മിക്ക വ്യാപാര സ്ഥാപനങ്ങളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരക്ക് പരിഗണിച്ച് ഇന്ന് രാത്രി 11 മണി വരെ കടകൾ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.
ഓണം വാരാഘോഷത്തിന് തുടക്കം
ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) ചേർന്ന് നടത്തുന്ന ജില്ലാതല ഓണം വാരാഘോഷത്തിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ തുടക്കമായി. ആഗസ്റ്റ് 30 വരെ നീളുന്ന വാരാഘോഷം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കലയും സംഗീതവും വിനോദവും പാരമ്പര്യവും ഒത്തുചേരുന്ന ഈ വേദിയിൽ കുടുംബസമേതം ആസ്വദിക്കാനാകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.







