പ്രവാസി പെൻഷൻ കുടിശ്ശിക; കേരള പ്രവാസി സംഘം കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കണ്ണൂർ: ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ പ്രവാസി പെൻഷൻ കുടിശ്ശിക വരുത്തിയ സർക്കാർ നടപടിയിലും അമിതമായ വിമാന യാത്രാക്കൂലി വർധനവിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്റ്റേഡിയം കോർണറിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം മുൻ എം.പി കെ.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി. അബൂബക്കർ, സംസ്ഥാന സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുകുമാരൻ കെ., ടി.കെ. രാജീവൻ, പ്രശാന്ത് കുമാർ വി. എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന പ്രവാസി പെൻഷൻ ഗുണഭോക്താക്കൾ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയ്ക്കായി കാത്തുനിൽക്കുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ ഓണക്കാലത്ത് മറ്റ് 16 ക്ഷേമബോർഡുകൾക്കായി 130.32 കോടി രൂപ അനുവദിച്ചപ്പോൾ, പ്രവാസി ക്ഷേമനിധി ബോർഡിന് ഫണ്ടൊന്നും അനുവദിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനമാണ്. അധികാരത്തിലേറുന്നതിന് മുമ്പ് പ്രവാസി പെൻഷൻ 5000 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ നിലവിലുള്ള പെൻഷൻ പോലും നൽകാതെ വഞ്ചിക്കുകയാണെന്നും, സ്വന്തം അവകാശമായ പെൻഷൻ ചോദിച്ചുവാങ്ങേണ്ട ഗതികേടിലാണ് പ്രവാസികളെന്നും കേരള പ്രവാസി സംഘം കുറ്റപ്പെടുത്തി.







