പ്രതിശ്രുത വധു വീഡിയോ കോളിൽ ജീവനൊടുക്കിയതിന് പിന്നാലെ വരനും മരിച്ച നിലയിൽ; കാസർകോട്, ഇരിട്ടി സ്വദേശികളുടെ മരണം നാടിന് നൊമ്പരമായി

Screenshot
ഇരിട്ടി: പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഉദുമ പൂച്ചക്കാട് കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രൻ്റെ മകൾ പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരൻ്റെ മകൻ വി. അമൽ (26) എന്നിവരാണ് മരിച്ചത്. ഡിസംബർ 26-ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം.
കർണാടകയിലെ ഹുൻസൂർ എസ്.ബി.ഐ ശാഖയിലെ ജീവനക്കാരിയായ അനുശ്രീയെ ഇന്നലെ രാവിലെ ഹുൻസൂരിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീഡിയോ കോൾ വിളിച്ചായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഇതിന് പിന്നാലെയാണ് എറണാകുളത്ത് ബാങ്ക് ജീവനക്കാരനായ അമലിനെയും ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിലാണ് അമലിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







